ന്യൂസ് ഡെസ്ക്
ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്റ്റോ കറൻസി മാറുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ സെർച്ച് തുടങ്ങിക്കഴിഞ്ഞു. ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിപ്റ്റോ കാർബൺ യുകെയിൽ ദിനംപ്രതി ജനകീയമായിക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് ക്രിപ്റ്റോ കറൻസി. ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ ഇതിനെ നിയന്ത്രിക്കുന്നില്ല. ഒരു സെൻട്രൽ അതോറിറ്റി നിയന്ത്രിക്കാത്ത ക്രിപ്റ്റോ കറൻസി വികസിപ്പിച്ചെടുത്തത് സോഫ്റ്റ് വെയർ ഡെവലപ്പർമാരാണ്. ഇത് പ്രിൻറ് ചെയ്യപ്പെടുന്നില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള മൈനിംഗ് എന്ന പ്രക്രിയയിലൂടെ ക്രിപ്റ്റോ കറൻസി സ്വന്തമാക്കാൻ കഴിയും. നിലവിലുള്ള കറൻസികളുടെ മൂല്യം സ്വർണത്തിന്റെയോ വെള്ളിയുടെയോ മേൽ അധിഷ്ഠിതമാണ്. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ അടിസ്ഥാനം മാത്തമാറ്റിക്സ് ആണ്. ഡിജിറ്റൽ ഭാഷയിലുള്ള കോഡുകളായാണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കപ്പെടുന്നത്. സോഫ്റ്റ് വെയർ വിദഗ്ദർ മാത്തമാറ്റിക്കൽ ഫോർമുല അടിസ്ഥാനമായുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നത്.
ലെസ്റ്ററിലെ ബ്രാൻസ്റ്റോണിലുള്ള ഓഫ് ലൈസൻസ് ഷോപ്പിൽ ബിറ്റ് കോയിൻ എടിഎം തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. രാകേഷ് ഒടേദ്രയുടെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിൽ ആണ് ലെസ്റ്ററിലെ ആദ്യ ബിറ്റ് കോയിൻ കാഷ് പോയിന്റ് സ്ഥാപിക്കപ്പെട്ടത്. കെഷ് വൈൻ ആൻഡ് ന്യൂസ് എന്ന ഈ ഷോപ്പ് ഗട്രിഡ്ജ് ക്രെസന്റിലാണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ഫോൺ വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ക്രിപ്റ്റോ കറൻസി വാങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന് ഉടമ പറഞ്ഞു. ക്രിപ്റ്റോ കറൻസി ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്. ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെടുന്ന കറൻസി കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ വിനിമയം ചെയ്യാം.
ഷോപ്പിലെ ബിസിനസ് വർദ്ധിപ്പിക്കാൻ ബിറ്റ് കോയിൻ എടിഎം സഹായിക്കുന്നുണ്ടെന്ന് ഒടേദ്ര പറഞ്ഞു. 250 പൗണ്ട് വരെ ക്രിപ്റ്റോ കറൻസി വാങ്ങാൻ ഉപയോഗിക്കുമ്പോൾ ഐഡൻറിറ്റി പ്രൂഫ് ആവശ്യമില്ല. അതിൽ കൂടുതൽ ആണെങ്കിൽ മൊബൈൽ ഫോൺ സെക്യൂരിറ്റി ആവശ്യമാണ്. 500 പൗണ്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർ ബിറ്റ് കോയിൻ എടിഎമ്മുമായി രജിസ്റ്റർ ചെയ്തിരിക്കണം.
Leave a Reply