ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: മരിച്ച ദാതാവിൽ നിന്ന് ഗർഭപാത്രം മാറ്റിവെച്ചതിന് പിന്നാലെ യുകെയിൽ ആദ്യമായി ശിശു ജനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വൈദ്യശാത്രമേഖലയിൽ അതുല്യമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത് . കെന്റിൽ നിന്നുള്ള ഗ്രേസ് ബെൽ MRKH സിന്ഡ്രോം മൂലം ഗർഭപാത്രമില്ലാതെ ആണ് ജനിച്ചത് . 16-ാം വയസ്സിൽ തന്നെ തനിക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ഗ്രേസ് പറഞ്ഞു. ദാതാവിന്റെ കുടുംബം അവയവദാനത്തിന് സമ്മതം നൽകിയതിനെ തുടർന്ന് 2024 ജൂണിൽ ഓക്സ്ഫോർഡിലെ ദി ചർച്ചിൽ ഹോസ്പിറ്റലിൽ 10 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം മാറ്റിവെയ്ക്കുകയായിരുന്നു . യുകെയിൽ നടക്കുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനിലെ ദി ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഐവിഎഫ് ചികിത്സയും എംബ്രിയോ ട്രാൻസ്ഫറും നടത്തി. തുടർന്ന് ഗർഭം ധരിച്ച ഗ്രേസ്, 2025 ക്രിസ്മസിന് മുൻപ് പടിഞ്ഞാറൻ ലണ്ടനിലെ ക്വീൻ ഷാർലറ്റ്സ് ആൻഡ് ചെൽസി ഹോസ്പിറ്റലിൽ ഹ്യൂഗോ എന്ന കുഞ്ഞിനെ പ്രസവിച്ചു. ജനനസമയത്ത് കുഞ്ഞിന് ഏകദേശം ഏഴ് പൗണ്ട് തൂക്കമുണ്ടായിരുന്നു. “ഇത് ഒരു അത്ഭുതമാണെന്നും അവനെ ആദ്യമായി കണ്ടപ്പോൾ സ്വപ്നത്തിലാണെന്ന് തോന്നിയതായും ഗ്രേസ് പ്രതികരിച്ചു. ദാതാവിന്റെയും കുടുംബത്തിന്റെയും ‘അമൂല്യമായ സമ്മാനം’ ജീവിതം മുഴുവൻ നന്ദിയോടെ ഓർക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മാറ്റിവെച്ച ഗർഭപാത്രത്തിലൂടെ ജനിച്ച ശിശുവിന് ദാതാവുമായി ജനിതകബന്ധമില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.

25 വർഷത്തിലേറെയായി ഗർഭപാത്ര മാറ്റിവെപ്പിൽ ഗവേഷണം നടത്തുന്ന പ്രൊഫ. റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള വോമ്പ് ട്രാൻസ്പ്ലാന്റ് യുകെ സംഘമാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കും നേതൃത്വം നൽകിയത്. യുകെയിൽ ആകെ 10 ഗർഭപാത്ര മാറ്റിവെപ്പുകൾ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, ഇതുവരെ നടന്ന ശസ്ത്രക്രിയകളിൽ നിന്നുള്ള ആദ്യ വിജയകരമായ പ്രസവമാണിതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ലോകത്ത് നൂറിലധികം ഗർഭപാത്ര മാറ്റിവെപ്പുകൾ നടന്നിട്ടുണ്ടെന്നും 70 -തിലധികം ആരോഗ്യകരമായ ശിശുക്കൾ ജനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ സ്ത്രീകൾക്ക് സ്വന്തം ഗർഭത്തിൽ കുഞ്ഞിനെ ധരിക്കാനുള്ള പ്രത്യാശ നൽകുന്ന ചരിത്രനാഴികക്കല്ലായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.











Leave a Reply