ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഫ്രിക്കയിൽ അടുത്തിടെയുണ്ടായ ക്ലേഡ് 1 ബി പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മങ്കിപോക്സ് കേസ് യുകെയിൽ സ്ഥിരീകരിച്ചു. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക ബന്ധത്തിലൂടെയാണ് ഈ രോഗം ആളുകൾക്കിടയിൽ പടരുന്നത്. രോഗം സ്ഥിരീകരിച്ച യുകെ പൗരൻ രോഗ ബാധ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ഒക്ടോബർ 22 ന് ഫ്ലൂ പോലുള്ള ലക്ഷണങ്ങളും രണ്ട് ദിവസത്തിന് ശേഷം ചുണങ്ങുമുണ്ടായി.

 

എംപോക്‌സ്‌ മൂലം ഉണ്ടാകുന്ന ചുണങ്ങുകൾ ഒരു മാസം വരെ നീണ്ടുനിൽക്കും. രോഗം സ്ഥിരീകരിച്ച ആൾ, ഇപ്പോൾ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൻ്റെ പ്രത്യേക പകർച്ചവ്യാധി വിഭാഗത്തിൽ ചികിത്സയിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ബുറുണ്ടി, റുവാണ്ട എന്നിവയുൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ക്ലേഡ് 1 ബി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡൻ, ഇന്ത്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ക്ലേഡ് 1 എയേക്കാൾ തീവ്രത കുറവായ ഈ രോഗം മൃഗങ്ങളുടെ സമ്പർക്കവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

2022-ൽ എം പോക്സ് കേസുകളുടെ പ്രാഥമിക കാരണം ക്ലേഡ് II ആയിരുന്നു. ഇത് സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരെയാണ് ബാധിച്ചത്. പിന്നീട് ഈ കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിൽ രോഗികളുമായി അടുത്ത് സമ്പർക്കം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെയിലെ ആരോഗ്യ പ്രവർത്തകർ. യുകെയിൽ ഇതാദ്യമായാണ് ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. അതേസമയം ആരോഗ്യ, സാമൂഹിക സംരക്ഷണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.