ആലുവ: കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ മുട്ടം യാര്‍ഡിലെത്തിച്ചു. ആന്ധ്രയിലെ ശ്രീ സിറ്റിയിലുള്ള അല്‍സ്‌റ്റോമിന്റെ നിര്‍മാണശാലയില്‍ നിന്ന് രമ്ടു ദിവസം മുമ്പ് കേരളത്തിലെത്തിയ കോച്ചുകള്‍ ഇന്ന് രാവിലെയാണ് ആലുവ, മുട്ടത്തുള്ള യാര്‍ഡില്‍ എത്തിച്ചത്. മോട്രോ അധികൃതരും തൊഴിലാളികളും നിരവധി ജനങ്ങളും കോച്ചുകള്‍ യാര്‍ഡിലെത്തുന്നത് കാണാന്‍ എത്തിയിരുന്നു. ട്രെയിലറുകളില്‍ നിന്ന് ഇന്നുതന്നെ കോച്ചുകള്‍ ഇറക്കും. വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഇലക്ട്രിക്കല്‍ സംവിധാനങ്ങളും ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതും യാര്‍ഡിലാണ് നടക്കുന്നത്.
ജനുവരി 23നാണ് മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. യാര്‍ഡില്‍ തന്നെ തയ്യാറാക്കിയ 1.25 കിലോമീറ്റര്‍ നീളമുള്ള ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം. അതിനു ശേഷം ഫെബ്രുവരിയില്‍ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാക്കുകളിലുള്ള ട്രയല്‍ നടക്കും. ആലുവ മുതല്‍ കളമശേരി വരെയാണ് ഈ ട്രയല്‍ റണ്‍ നടക്കുക. ആകാശപാതയുമായി യാര്‍ഡിനെ ബന്ധിപ്പിക്കുന്ന സംവിധാനത്തിന്റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം കമ്മീഷണര്‍ ഓഫ് മെട്രോ റെയില്‍ സേഫ്റ്റി പരിശോധന നടത്തും. ഇത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ മെട്രോ ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കുകയുള്ളൂ.
2016 ജൂണില്‍ മെട്രോ സര്‍വീസിന്റെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഈ വര്‍ഷം അവസാനമേ അത് സാധ്യമാകൂ എന്നാണ് വിലയിരുത്തല്‍. ആലുവ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാത്തതാണ് കാരണം. പാളം സ്ഥാപിക്കുന്നതും സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതുമടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് സൂചന.