മറിയാമ്മ ജോഷി

ഒഴുക്കിനൊപ്പമല്ല, ഒഴുക്കിനെതിരെ നീന്തി ബ്രിട്ടനെ സ്വന്തമാക്കാന്‍ ദൈവം നിയോഗിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ – ഇടയന്റെ കീഴില്‍ അണിനിരക്കുന്നു. സിദ്ധാന്തങ്ങളുടെ സങ്കീര്‍ണതയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനെ തിരികെ പിടിക്കുവാന്‍ ഇനിയും കാനായില്‍ കല്‍ഭരണികള്‍ നിറയേണ്ടിയിരിക്കുന്നു. ഇവിടുത്തെ പച്ചവെള്ളമെല്ലാം വീര്യമുള്ള വീഞ്ഞാകേണ്ടിയിരിക്കുന്നു. മരണത്തെ നിദ്രയെന്നു വിശേഷിപ്പിച്ച മറ്റൊരു ഗുരു ഇല്ല. യേശുമാത്രം ”ലാസര്‍ ഉറങ്ങുകയാണ്, ബാലിക ഉറങ്ങുകയാണ്” ഉറങ്ങുന്നവരെ ദൈവത്തിന്റെ മടിത്തട്ടില്‍ ഉണര്‍ത്തുവാന്‍ ദൈവം ബ്രിട്ടനു കനിഞ്ഞു നല്‍കിയ സ്വര്‍ഗീയ കനല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം, ദൈവാത്മാവിന്റെ ചിറകുകളില്‍ സഞ്ചരിച്ച് യൂറോപ്പിനകത്തും പുറത്തുമായി അനേകായിരങ്ങളെ നന്മ നിറഞ്ഞ ദൈവത്തിന്റെ വഴിയിലെത്തിക്കുവാന്‍ വിശ്രമ രഹിതനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിന്റെ ദൈവീക ശബ്ദമായി ദൈവം ഉയര്‍ത്തിയ സെഹിയോന്‍ യൂറോപ്പ് ഡയറക്ടറും, യൂറോപ്പ് ഇവാഞ്ചലസേഷന്‍ കോര്‍ഡിനേറ്ററുമായ ബഹു. ഫാ. സോജി ഓലിക്കല്‍, കേരളത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രവചനങ്ങളിലൂടെയും ദര്‍ശനങ്ങളിലൂടെയും പുകയ്ക്കുന്ന അനേകം നെഞ്ചുകളെ നിറവിന്റെ ഇടമായ ആത്മീയ കാനായിലേക്കു നയിക്കുവാന്‍ കാലഘട്ടത്തിന്റെ പ്രവാചക ശബ്ദമായി ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധ വചന പ്രഘോഷകനും കെയ്റോസ് മിഷന്‍ യു.കെ. ആന്റ് യു.എസ്.എ ഡയറക്ടറുമായ ബ്രദര്‍ റെജി കൊട്ടാരം കൂടാതെ കേരള ക്രിസ്തീയ ഭക്തിഗാന ചരിത്രത്തിന്റെ ഗതിമാറ്റിക്കുറിച്ചു കൊണ്ട് മരണമില്ലാത്ത ശ്രുതി താളവുമായി അള്‍ത്താരയിലെ വിശുദ്ധ ധൂപം പോലെ അനേകരുടെ ഹൃദയതാളങ്ങളില്‍ ദിവ്യ സൗരഭ്യം പടര്‍ത്തിയ അനുഗ്രഹീത ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവര്‍ അള്‍ത്താരകളില്‍ ഒന്നിക്കുന്നു. അഭിഷേകത്തിന്റെ പെരുമഴ ഒഴുകുന്നു.

ഒക്ടോബര്‍ 22 മുതല്‍ 29-ാം തീയതി വരെ യുകെയുടെ നാനാ ഭാഗങ്ങളിലായി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ മുന്നോടിയായി നടക്കുന്ന ഒരുക്ക ധ്യാനമായ റീജിയണല്‍ കണ്‍വെന്‍ഷന്‍സ് ഇതിനോടകം മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രെസ്റ്റണ്‍, കവന്‍ട്രി എന്നിവിടങ്ങളില്‍ ഭക്തിസാന്ദ്രമായി ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങി, ധ്യാനമധ്യേ നല്‍കപ്പെട്ട ദൈവീക സന്ദേശങ്ങള്‍ ദൈവ ജനത്തെ ആത്മീയ ആഴങ്ങളിലേക്ക് നയിക്കുന്നവ ആയിരുന്നു.

ആത്മാവും ശരീരവും തമ്മിലുള്ള നിത്യ സംഘര്‍ഷത്തില്‍ നമുക്ക് തെറ്റുപറ്റാതിരിക്കുവാന്‍, മികവിന്റെ ഒരു വിശ്വാസിയാകുവാന്‍ നടത്തുന്ന ആത്മീയ യുദ്ധങ്ങളില്‍ നമ്മെ സഹായിക്കുവാന്‍ ദൈവം ഒരുക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴായിപ്പോകാതിരിക്കട്ടെ. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും വട്ടായിലച്ചനും സോജിയച്ചനും ടീം മുഴുവന്‍ ചേര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വം ഏവരേയും ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്ക് ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ ധ്യാനാത്മക വേളകളില്‍ കണ്‍വെന്‍ഷനെക്കൂടി ഓര്‍ക്കുവാന്‍ അപേക്ഷിക്കുന്നു.