സൗരയൂഥത്തിനു പുറത്തുള്ള ഗ്യാലക്‌സികളില്‍ നിരവധി ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭൂമിക്ക് ചന്ദ്രന്‍ എന്ന പോലെയുള്ള ഉപഗ്രഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഇപ്പോള്‍ ആദ്യമായി സൗരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഉപഗ്രഹവും കണ്ടെത്തിയിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് 8000 പ്രകാശവര്‍ഷം അകലെയാണ് ഈ ഉപഗ്രഹത്തിന്റെ സ്ഥാനം. സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ വലിപ്പമുണ്ടാകും ഈ ഉപഗ്രഹത്തിനെന്നാണ് നിഗമനം. അതായത് നമ്മുടെ ചന്ദ്രന്റെ 15 ഇരട്ടി വലിപ്പം! നിലവില്‍ 3000ത്തിലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിനു പുറത്തായി കണ്ടെത്തിയിട്ടുണ്ട്.

സൗരയൂഥത്തിനു പുറത്ത് ഒരു ഉപഗ്രഹത്തെ കണ്ടെത്തുന്നത് ഇത് ആദ്യമായാണെന്ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ഡേവിഡ് കിപ്പിംഗ് പറഞ്ഞു. ഹബിള്‍ ടെലിസ്‌കോപ്പാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഗ്രഹങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയെന്ന സമസ്യക്കും ഉപഗ്രഹങ്ങള്‍ ഗ്രഹങ്ങള്‍ക്കു ചുറ്റും എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സോമൂണുകള്‍ എന്നറിയപ്പെടുന്ന സൗരയൂഥാന്തര ഉപഗ്രഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും നിലവിലുള്ള സാങ്കേതിക സംവിധാനങ്ങള്‍ അതിന് പര്യാപ്തമല്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോള്‍ ഈ ഉപഗ്രഹം ദൃഷ്ടിയില്‍പ്പെട്ടതിനു കാരണം അതിന്റെ വലിപ്പമാണെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു വിദഗ്ദ്ധനായ അലക്‌സ് ടീച്ചി പറയുന്നു. ഒരു വമ്പന്‍ വാതക ഗ്രഹത്തെയാണ് ഇത് വലയം വെച്ചുകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൗരയൂഥത്തിനുള്ളില്‍ 200 ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നിനും ഇത്രയും വലിപ്പമില്ലെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 284 എക്‌സോപ്ലാനറ്റുകളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ ഉപഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.