ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യനിൽ പക്ഷിപനി സ്ഥിരീകരിച്ചു. ഡെവോണിൽ കഴിയുന്ന അലൻ ഗോസ്ലിങ്ങ് (79) ആണ് മാരകമായ എച്ച് 5 എൻ 1 പിടിപെട്ടു സെൽഫ് ഐസൊലേഷനിൽ കഴിയുന്നത്. അദ്ദേഹം വീട്ടിൽ വളർത്തിയ താറാവുകളിൽ നിന്നാണ് രോഗം പകർന്നത്. 160 മസ്‌കോവി താറാവുകളിൽ 20 എണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അവയെ കൊന്ന് സുരക്ഷിതമായി മറവു ചെയ്തു. മുൻ റെയിൽവേ ജീവനക്കാരനായിരുന്ന ഗോസ്ലിംഗ് ഇപ്പോൾ ആരോഗ്യവാനാണെന്നും സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രോഗം മറ്റാരിലേക്കും പടർന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

“എന്റെ ജീവനും ജീവിതവും ആയിരുന്നവർ. 20 വർഷത്തിലേറെയായി ഞാൻ അവരോടൊപ്പമാണ് കഴിഞ്ഞത്.” താറാവുകളെ കൊന്നതറിഞ്ഞ ഗോസ്ലിംഗ് കണ്ണീരോടെ പറഞ്ഞു. തന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന താറാവുകളെ കൊല്ലരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിരുന്നു. എന്നാൽ വൈറസ് ബാധിച്ച പക്ഷികളെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ല. കോവിഡിന് പിന്നാലെ രാജ്യത്ത് പക്ഷിപനിയും പടർന്നു പിടിച്ചാൽ അത് വലിയ ആശങ്കയ്ക്ക് കാരണമാകും. എച്ച്5എൻ1 നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇതുവരെ 20 ലക്ഷം പക്ഷികളെ കൊന്നൊടുക്കിയതായി കരുതപ്പെടുന്നു. നിലവിൽ യൂറോപ്പിനെ തകർത്തുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഭാഗമായാണ് ബ്രിട്ടനിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.


എന്താണ് പക്ഷിപനി? മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കിൽ എച്ച്5എൻ1. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് രോഗാണു പരക്കുന്നത്. അതുകൊണ്ട് തന്നെ പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴി രോഗം വേഗം തന്നെ പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പരക്കുന്നു. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി രോഗാണു മനുഷ്യനിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്.


ഇത്തരത്തിൽ മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുള്ളതാണ് പക്ഷിപനിയെ അപകടകരമാക്കുന്നത്.രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് ആദ്യമായി മനുഷ്യനിലേക്കെത്തിയത്. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ് പക്ഷിപനിയുടെ ലക്ഷണങ്ങൾ. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാനും ഈ വൈറസുകൾ കാരണമാവാം.