ഫാ. ബിജു കുന്നയ്ക്കാട്ട്, P.R.O, Syro-Malabar Eparchy of Great Britain
പ്രവാസി വിശ്വാസികൾക്കു ദൈവത്തി൯െറ പദ്ധതിയിൽ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും ഓർമ്മിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു. നോമ്പുകാലത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഇടയലേഖനത്തിൽ രൂപതയുടെ വിവിധ മേഖലകളിലുള്ള അജപാലന പ്രവർത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം നോമ്പുകാലത്തിന് അനുയോജ്യമായ പ്രസക്തമായ ഉൾക്കാഴ്ചകളും പങ്കുവയ്ക്കുന്നുണ്ട്. രൂപതാദ്ധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്തതു മുതൽ ആദ്യ ഇടയ ലേഖനത്തിനായി വിശ്വാസികൾ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
പ്രലോഭനം എന്നത് തിന്മകളിലേയ്ക്കുള്ള ആകർഷണം മാത്രമല്ലെന്നും നമ്മെ സംബന്ധിച്ചുള്ള ദൈവ പദ്ധതിയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള തിന്മയുടെ ക്ഷണവുമാണെന്ന് ഇടയലേഖനത്തിൽ മാർ സ്രാമ്പിക്കൽ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ വിവിധ സമൂഹങ്ങളെ അടുത്തറിയാനായി നടത്തുന്ന യാത്രകൾ തീർത്ഥയാത്രകൾ പോലെയാണെന്നും ക്രൈസ്തവ വിശ്വാസ ജീവിതത്തിനു സജീവസാക്ഷ്യം നൽകുന്ന നിരവധി കുടുംബങ്ങളെ ഈ തീർത്ഥയാത്രയിൽ കാണാനായത് വലിയ പ്രത്യാശ നൽകുന്നുവെന്നും പിതാവു പറയുന്നു.
യൗവ്വനത്തി൯െറ ഊർജ്ജവും ചൈതന്യവും പ്രസരിപ്പിക്കുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപത ആഗോള സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തീഷ്ണമായ പ്രാർത്ഥനയിൽ വളരുന്ന കുഞ്ഞുങ്ങളിലാണ് സഭയുടെ ഭാവി. ഇപ്പോൾ കാണുന്ന അവസ്ഥയിൽ സഭയെ വളർത്തുന്നതിനു സഹായിച്ച വൈദികരെയും സന്യാസിനികളെയും അൽമായ സഹോദരങ്ങളെയും നന്ദിയോടെ ഓർക്കുന്നു – മാർ സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.
വിവിധ കമ്മീഷനുകളിലായി രൂപീകരിക്കപ്പെട്ട രൂപതയുടെ വിവിധ അജപാലന പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇടയലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. പതിനായിരത്തിലധികം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി രൂപീകൃതമായ വനിതാ ഫോറത്തെക്കുറിച്ചും ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. സുവിശേഷത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധാത്മാക്കളുടെ മാതൃക പ്രവാസ ജീവിതത്തിലും വിശ്വാസികൾക്കു പിന്തുടരാനാകട്ടെ എന്ന ആശംസയോടെയാണ് ആദ്യ ഇടയലേഖനം പൂർത്തിയാകുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനം ഗ്രേറ്റ് ബ്രിട്ടണിൽ സീറോ മലബാർ കുർബാന അർപ്പിക്കപ്പെടുന്ന എല്ലാ സെൻററുകൾക്കുമായിട്ടാണ് നൽകിയിരിക്കുന്നത്. റാംസ് ഗേറ്റിൽ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിക്കവേ രൂപം നൽകിയ ഈ ആദ്യ ഇടയലേഖനത്തിൽ ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനു വേരുപാകിയ വി. അഗസ്റ്റി൯െറയും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ വി. അൽഫോൻസാമ്മയുടെയും മദ്ധ്യസ്ഥം പ്രാർത്ഥിക്കുകയും ഇംഗ്ലണ്ടി൯െറ മണ്ണിൽ പുതിയ സുവിശേഷവൽക്കരണത്തിന് അവസരം നല്കിയ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയോടുള്ള സീറോ മലബാർ സഭയുടെ നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു.
Leave a Reply