ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : 2035ഓടെ ആദ്യത്തെ ബഹിരാകാശ പവർ സ്റ്റേഷൻ വിക്ഷേപിക്കാൻ യുകെ. സ്പേസ് എനർജി ഇനിഷ്യേറ്റീവ് (SEI) എന്ന പ്രൊജക്റ്റിലൂടെയാണ് ഇത് സാധ്യമാവുന്നത്. രാജ്യത്തെ ഊർജ്ജ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭാരം കുറഞ്ഞ സോളാർ പാനലുകളും പാനലുകളിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കാൻ മിറർ സംവിധാനവും ഉള്ള ഉപഗ്രഹങ്ങൾ കൊണ്ടാണ് ഇത് നിർമ്മിക്കുക. ഉപഗ്രഹത്തിൽ ഏകദേശം 3.4 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. 2040 – 2045 ഓടെ ബഹിരാകാശ നിലയത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 30 ജിഗാവാട്ടിലെത്തും. യുകെയുടെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം വരെ നിറവേറ്റാൻ ഇതിലൂടെ കഴിയും.
രാജ്യം നേരിടുന്ന ഊർജ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇതെന്ന് കൺസർവേറ്റീവ് എംപിയും എസ്ഇഐയുടെ അഡ്വൈസറി ബോർഡ് ചെയർമാനുമായ മാർക്ക് ഗാർണിയർ പറഞ്ഞു. പല രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ വെട്ടിക്കുറച്ചത് കാരണം വില കുതിച്ചുയർന്നതിനാൽ ബ്രിട്ടൻ ഊർജ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ശുഭപ്രതീക്ഷ നൽകി ഈ വാർത്ത വരുന്നത്. പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള പ്രകൃതിവാതക വിതരണം റഷ്യ കഴിഞ്ഞാഴ്ച വെട്ടിക്കുറച്ചിരുന്നു.
യുക്രെയ്നിലെ യുദ്ധം രൂക്ഷമാകുമ്പോള്‍ റഷ്യയില്‍ നിന്നു കൂടുതല്‍ ഇന്ധനം വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ ഉയര്‍ന്നിരുന്നു. ബ്രിട്ടനിലെ ഗ്യാസിന്റെ അഞ്ച് ശതമാനം മാത്രമാണ് റഷ്യയിൽ നിന്ന് എത്തുന്നതെങ്കിലും ആഗോള പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യത്തും ഊർജ ക്ഷാമം ഉണ്ടായി. ഈ പുതിയ പ്രൊജക്റ്റിലൂടെ ബ്രിട്ടനിൽ ഊർജ സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അധിക ഊർജ്ജം കയറ്റുമതി ചെയ്യുന്നതിലൂടെ യുകെയ്ക്ക് ലാഭം നേടാമെന്നും ഗാർണിയർ വ്യക്തമാക്കി.
Leave a Reply