എയ്‌ൽസ്‌ഫോർഡ്: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ശേഷം കർമ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതൽ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ മിഷൻ നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്.
വൈകിട്ട് 4 മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും.
എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ സീറോമലബാർ മിഷൻ ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കർമ്മലമാതാവിന്റെ ശക്തമായ സാന്നിധ്യം നിലകൊള്ളുന്ന ഈ ആത്മീയ സങ്കേതത്തിൽ തുടക്കം കുറിക്കുന്ന ആദ്യബുധനാഴ്ച തിരുക്കർമ്മങ്ങളിലേക്കും ദിവ്യകാരുണ്യ ആരാധനയിലേക്കും എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായിമിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.
Leave a Reply