ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെപ്റ്റംബർ മാസത്തിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നീണ്ട അവധി കാലത്തിനു ശേഷം കുട്ടികൾ തിരിച്ചെത്തുകയാണ്. ആദ്യ ആഴ്ചകളിൽ പല കുട്ടികളും കഴിഞ്ഞുപോയ അവധി കാലത്തിന്റെ ആലസ്യത്തിൽ ആയിരിക്കുമെന്നാണ് അധ്യാപകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ ഒട്ടേറെ കുട്ടികൾ സ്ഥിരമായി സ്കൂളുകളിൽ ഹാജരാകാതിരിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ചകളിൽ ക്ലാസുകൾ മുടങ്ങുന്ന കുട്ടികൾ തുടർന്നുള്ള ദിവസങ്ങളിലും വരാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഒന്നാം ആഴ്ചയിൽ ഭാഗികമായി ഹാജരാകാതിരുന്ന വിദ്യാർത്ഥികളിൽ പകുതിയിലധികം പേരും (57%) സ്ഥിരമായി ഹാജരാകുന്നില്ല. ഓരോ സ്കൂളിലും പത്ത് ശതമാനം പേരെങ്കിലും ഈ വിഭാഗത്തിൽ പെട്ടവരാണ്. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സ്കൂളുകളും കുട്ടികളുടെ ഹാജർ കുറയുന്നതിൻ്റെ പ്രതിസന്ധികൾ നേരിടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ലെ പകർച്ചവ്യാധികൾക്ക് ശേഷം ഈ പ്രതിസന്ധി കൂടിയതായാണ് കണക്കുകൾ കാണിക്കുന്നത്.
ഇംഗ്ലണ്ടിൽ ഉടനീളമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 2024 – 25 അധ്യയന വർഷത്തിൽ ഏകദേശം 18 ശതമാനം വിദ്യാർത്ഥികൾ സ്ഥിരമായി ഹാജരാകുന്നില്ല. ഹാജർ നില ഉയരുന്നതിന് മാതാപിതാക്കളുടെ പിൻതുണ ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക യൂണിയൻ പറഞ്ഞു. എൻ എച്ച്സിലെ വെയിറ്റിംഗ് ലിസ്റ്റും കുട്ടികളുടെ ഹാജർ കുറയുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. എൻഎച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റുകൾ ഒഴിവാക്കാൻ വിദേശത്ത് വൈദ്യചികിത്സയ്ക്കായി കുട്ടികളെ കൊണ്ടുപോകുന്നുണ്ടെന്ന് ലെസ്റ്ററിലെ ഷാഫ്റ്റസ്ബറി ജൂനിയർ സ്കൂളിലെ പ്രധാന അധ്യാപകനായ കാൾ സ്റ്റുവർട്ട് പറഞ്ഞു .
Leave a Reply