താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തല്‍. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് സമ്മതിച്ചു. മുഖ്യപ്രതിയായ താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ ബഷീർ കൊലപാതത്തിന് ശേഷം വിദേശത്തേക്ക് കടന്നു.

ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയായ സവാദ് കൊല്ലപെട്ടത്. കൊലപാതകം അറിഞ്ഞിരുന്നില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്.

കാമുകൻ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞു. കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കിയ അബ്ദുള്‍ ബഷീര്‍, കത്തിയെടുത്ത് കഴുത്തറത്ത് സവാദിന്‍റെ മരണം ഉറപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും സൗജത്ത് പൊലീസിനോട് സമ്മതിച്ചു. അബ്ദുൾ ബഷീറുമായി സൗജത്തിന് ഏറെക്കാലമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും വീട്ടുകാർ ഇടപ്പെട്ട് പല തവണ സംസാരിച്ചിട്ടും പിൻമാറിയില്ലെന്നും സവാദിന്‍റെ ബന്ധുക്കൾ പറഞ്ഞു.

മംഗളുരു വിമാനത്താവളം വഴി കേരളത്തിലെത്തിയ അബ്ദുൾ ബഷീർ കൊലപാതത്തിന് ശേഷം അതേ വിമാനത്താവളം വഴി തിരിച്ച് വിദേശത്തേക്ക് തന്നെ കടന്നതായാണ് പൊലീസിന് കിട്ടിയ വിവരം. സൗജത്തിന്‍റെ കൊലപാതകത്തിന് വാഹനം വിട്ടുകൊടുത്ത അബ്ദുൾ ബഷീറിന്‍റെ സുഹൃത്ത് സൂഫിയാന്‍റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.