ലക്ഷദ്വീപില്‍ വീണ്ടും വിചിത്ര ഉത്തരവുകൾ പുറപ്പെടുവിച്ച് അഡ്മിനിസ്ട്രേറ്റർ. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ ബോട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വേണമെന്നാണ് പുതിയ ചട്ടം. ബോട്ടില്‍ സി.സി.ടി.വി സ്ഥാപിക്കണം. ഇന്നലെയാണ് ഉത്തരവിറങ്ങിയത്.
ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്. സുരക്ഷ വർധിപ്പിക്കാനാണ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. എന്നാൽ, മീൻപിടുത്തം മുഖ്യവരുമാനമായ ലക്ഷദ്വീപിലെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആരോപണമുയർന്നു. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ രംഗത്തെത്തി.
കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ശേഷം നിരവധി ജനദ്രോഹ നടപടികളാണുണ്ടായത്. ബീഫ് നിരോധനമടക്കമുള്ള നിയമങ്ങളാണ് കൊണ്ടുവന്നത്. ദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടല്‍, ഗോവധം നിരോധിക്കല്‍, സ്‌കൂളുകളില്‍ മാംസഭക്ഷണം നിരോധനം, ഗുണ്ടാ ആക്ട് നടപ്പാക്കല്‍ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്.
Leave a Reply