ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരുമേജറടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. രജൗറി ജില്ലയിലെ കെറി സെക്ടറിലാണ് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വലിയ ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ മേജര്‍ മൊഹര്‍കര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മെയില്‍ സിങ്, ശിപായി പ്രഗത് സിങ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് ഇവര്‍. പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് സൈനികര്‍ ചികിത്സയിലാണ്.
പ്രകോപനത്തെ തുടര്‍ന്ന് പാക് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അടുത്തിടെ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവാകുകയാണ്. നവംബര്‍ 16 നാണ് ഇതുനുമുമ്പ് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്താന്‍ ലംഘിച്ചത്.
Leave a Reply