ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഞ്ച് വർഷം മുമ്പ്, 2020 ജനുവരി 31 നാണ് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയത്. അന്ന്, ഗ്രേറ്റ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി 47 വർഷമായി നിലനിർത്തിയിരുന്ന രാഷ്ട്രീയ ബന്ധം വിച്ഛേദിച്ചു. ബ്രെക്‌സിറ്റ് രാഷ്ട്രീയമായും സാമൂഹികമായും വലിയ ഭിന്നിപ്പുണ്ടാക്കി. ഇപ്പോഴും ബ്രെക്സിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വാദങ്ങൾ തകൃതിയിൽ നടന്ന് വരികയാണ്. 2021-ൽ ഇ യു സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും യുകെ പുറത്തുകടന്നത് ചരക്ക് വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുകെ വ്യാപാരത്തിൽ ബ്രെക്‌സിറ്റിൻ്റെ സ്വാധീനത്തെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്. യുകെ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനേക്കാൾ 6% മുതൽ 30% വരെ ചരക്ക് കയറ്റുമതി കുറഞ്ഞതായി പഠനങ്ങൾ കണക്കാക്കുന്നു. ബ്രെക്‌സിറ്റ് യുകെയിലെ ചെറുകിട സ്ഥാപനങ്ങളെ വലിയ കമ്പനികളേക്കാൾ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഇ യു ഇമിഗ്രേഷനും നെറ്റ് മൈഗ്രേഷനും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക പ്രതിസന്ധികൾ കാരണം യുകെ സർവകലാശാലകൾ കൂടുതൽ നോൺ-ഇയു വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തു. 2021-ൽ അവതരിപ്പിച്ച ബിരുദാനന്തര തൊഴിൽ അവകാശങ്ങൾ യുകെയെ കൂടുതൽ ആകർഷകമാക്കി.
ഒരു പ്രധാന ബ്രെക്സിറ്റ് വാഗ്ദാനമായിരുന്നു നിയമപരമായ പരമാധികാരം. അതായത്, യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കാതെ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാനുള്ള യുകെയുടെ സ്വാതന്ത്രം. തുടക്കത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിന് യുകെ ഇ യു നിയമങ്ങൾ പാലിച്ചു. ഇവയാണ് “റീടൈൻഡ് ഇ യു നിയമങ്ങൾ ” എന്നറിയപ്പെടുന്നത്. 2023 ആയപ്പോഴേക്കും തൊഴിലാളികളുടെ അവകാശങ്ങൾ, ഭക്ഷണ നിലവാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായി ഇത്തരം 6,901 നിയമങ്ങൾ നിലനിന്നു. 2023 അവസാനത്തോടെ അവയെല്ലാം നീക്കം ചെയ്യാൻ ഗവൺമെൻ്റ് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് 600 നിയമങ്ങൾ മാത്രമാണ് ഒഴിവാക്കിയത്. പ്രാദേശിക മത്സ്യബന്ധന അവകാശങ്ങൾ, കൃഷി, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ബ്രെക്‌സിറ്റ് ഉണ്ടാക്കിയ ആഘാതങ്ങൾ ഒട്ടേറെയാണ്.
Leave a Reply