ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഒരു ഗ്രൂമിങ് സംഘത്തിന്റെ ഭാഗമായി 2002 നും 2006 നും ഇടയിൽ രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിൽ അഞ്ച് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുഹമ്മദ് ഗനി (38), ഇൻസാർ ഹുസൈൻ (38), ജാൻ ഷാഹിദ് ഗനി (50), മാർട്ടിൻ റോഡ്‌സ് (39), അലി റസ്സ ഹുസൈൻ കാസ്മി (35) എന്നിവരാണ് കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയത്. പ്രതികളായ അഞ്ചുപേരിൽ രണ്ടുപേർ സഹോദരങ്ങളാണ്. പെൺകുട്ടികൾ “പ്രതികൾക്ക് ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും അപമാനിക്കാനും പിന്നീട് ഉപേക്ഷിക്കാനുമുള്ള വെറും വസ്തുക്കളായിരുന്നു”വെന്ന് മാഞ്ചസ്റ്റർ മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതി വിലയിരുത്തി.
ഇരകളായ പെൺകുട്ടികളെ പ്രതികൾ പലപ്പോഴും അവരുടെ സ്കൂളുകളുടെ പുറത്തുനിന്ന് യൂണിഫോമിൽ തന്നെ കൊണ്ടുപോയാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. പ്രതികൾക്കുള്ള ശിക്ഷവിധി ഉടൻ ഉണ്ടാകും. പീഡനം ആരംഭിച്ചപ്പോൾ ആദ്യ ഇരയായ പെൺകുട്ടിക്ക് വെറും 12 വയസ്സായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ഇവർ ചിത്രീകരിക്കുകയും പിന്നീട് ഈ വീഡിയോകൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ടൗണിൽ ഉടനീളം പ്രചരിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. 2015 ൽ പെൺകുട്ടി തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞപ്പോൾ മാത്രമാണ് ഇത് പുറത്തറിയുകയും പോലീസ് കേസെടുക്കുകയും ചെയ്തത്.
റോച്ച്ഡെയിലിൽ ഇതിനു മുൻപും ഇത്തരത്തിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്ത സംഘത്തെ 2012 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഉണ്ടായിരുന്ന മൂന്ന് പെൺകുട്ടികൾ അനുഭവിച്ചതിലും മോശമായി അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് ഇരയായ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിൽ നിന്നുള്ള അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ സാറാ ജാക്‌സൺ ഇരകളെ അഭിനന്ദിച്ചു. നീതിയിലേക്കുള്ള അവരുടെ യാത്രയിൽ ഈ കുറ്റവാളികൾക്കെതിരെ നിലകൊള്ളുന്നതിൽ അവർ അസാമാന്യ ധൈര്യം പ്രകടമാക്കിയതായി അവർ പറഞ്ഞു.
Leave a Reply