സ്വന്തം ലേഖകൻ
ഫ്രാൻസ് : കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം. അടുത്തിടെ സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്. രോഗം ബാധിച്ചവരുടെ നില ഗുരുതരമല്ലെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പ് ഇന്നലെ ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ബ്രിട്ടീഷുകാരുമായി മറ്റാരൊക്കെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്താനായി ഒരു ഹോട്ട്ലൈൻ (0800 100 379) തുറന്നു. “രോഗം ബാധിച്ചവരുമായി ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനായി ഞങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു” ; ആരോഗ്യമന്ത്രി അഗ്നസ് ബുസിൻ പറഞ്ഞു.
ഫ്രാൻസിലെ ആശുപത്രിയിൽ കഴിയുന്ന 11 ബ്രിട്ടീഷുകാർ സ്‌കൂൾ റിസോർട്ടിലെ രണ്ട് പ്രത്യേക ചാലറ്റുകളിൽ താമസിച്ചതായി കോണ്ടാമൈൻസ്-മോണ്ട്ജോയ് മേയർ എറ്റിയെൻ ജാക്കറ്റ് പറഞ്ഞു. ഇതിൽ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി അവിടെ താമസിസിച്ചിരുന്ന 11 ബ്രിട്ടീഷുകാരെയും ലിയോൺ, സെന്റ്-എറ്റിയെൻ, ഗ്രെനോബിൾ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 720 കടന്നു. 35000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു. മറ്റ് 27 രാജ്യങ്ങളിലായി 320ഓളം രോഗബാധിതരുണ്ട്. യുകെയിലേക്കുള്ള മൂന്നാമത്തെയും അവസാനത്തെയും വിമാനം ഇന്ന് രാവിലെ 150 ഓളം ബ്രിട്ടീഷുകാരുമായി പുറപ്പെടും. തുടർന്ന് 14 ദിവസത്തെ നിരീക്ഷണത്തിനായി അവരെ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് കൊണ്ടുപോകും.
Leave a Reply