സൗദി അറേബ്യയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേരെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻമാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടായിരത്തിപത്തിൽ സഫ് വയിലെ കൃഷിയിടത്തിലാണ് അഞ്ചുപേരെ കുഴിച്ചുമൂടിയത്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാൻ അബൂബക്കർ, കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കണ്ണനല്ലൂർ സ്വദേശി ദാവൂദ് എന്നിവരുൾപ്പെടെ അഞ്ച് ഇന്ത്യക്കാരെ മൂന്നു സൌദി പൌരൻമാർ ജീവനോടെ കുഴിച്ചുമൂടിയെന്നാണ് കേസ്. രണ്ടായിരത്തിപതിനാലിലാണ് സംഭവം പുറം ലോകമറിയുന്നത്. അൽ ഖാത്തിഫിലെ സഫ് വ മേഖലയിലെ ഫാമിലേക്ക് അഞ്ചുപേരേയും തന്ത്രപൂർവം വിളിച്ചുവരുത്തിയ പ്രതികൾ പാനീയത്തിൽ ലഹരിമരുന്നുനൽകി ബോധം കെടുത്തിയശേഷം ക്രൂരമായി മർദിച്ചതായും തുടർന്ന് കുഴിയിൽ മൂടിയതായും പൊലീസ് കണ്ടെത്തി.
2014 ൽ ഫാമിൽ കുഴിയെടുക്കുന്നതിനിടെ ലഭിച്ച അസ്ഥികളിൽ നിന്നാണ് കൊലപാതകവിവരം പുറം ലോകമറിയുന്നത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടായിരത്തിപത്തിൽ കാണാതായ ഇന്ത്യൻ പൌരൻമാരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. വിചാരണക്കോടതിയാണ് മൂന്നു പൌരൻമാർക്കും വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവച്ചു. തുടർന്നാണ് സൽമാൻ രാജാവിൻറെ അനുമതിയോടെ മൂന്നു സ്വദേശികളേയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.











Leave a Reply