ലണ്ടന്‍: താഴെ വീണുപോയ ആഹാര സാധനങ്ങള്‍ കഴിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്നത് എല്ലാവരെയും കുഴക്കുന്ന ഒരു ചോദ്യമാണ്. ഇഷ്ടമുള്ള ആഹാരം കഴിക്കാനെടുക്കുമ്പോള്‍ താഴേക്ക് വീണാലുണ്ടാകുന്ന നിരാശ അത്രമേല്‍ ഭീകരമായിരിക്കും. താഴെ വീണാല്‍ അഴുക്കും പൊടിയും മാത്രമല്ല രോഗാണുക്കളും പറ്റിപ്പിടിച്ചേക്കാമെന്നതാണ് എല്ലാവരെയും അവ കഴിക്കുന്നതില്‍ നിന്ന് വിലക്കുന്നത്. എന്നാല്‍ താഴെ വീണ ഭക്ഷണം അഞ്ച് സെക്കന്‍ഡിനുള്ളില്‍ എടുത്താന്‍ ദോഷമൊന്നും സംഭവിക്കില്ലെന്നാണ് പുതിയ കണ്ടെത്തല്‍.
ആസ്റ്റണ്‍ സര്‍വകലാശാലയിലെ രോഗാണു വിഗദ്ധന്‍ ഡോ. ആന്തണി ഹില്‍ട്ടന്‍ ആണ് ഈ സിദ്ധാന്തവുമായി രംഗത്തെത്തിയത്. നിലത്ത് വീണ ഭക്ഷണം കഴിക്കുന്നതില്‍ ചില അപാകതകള്‍ ഉണ്ട്. കാണാവുന്ന വിധത്തില്‍ അഴുക്ക് പറ്റിയത് ഉപേക്ഷിക്കുന്നതാണ് ഉത്തമം. എന്നാല്‍ മുറിക്കുള്ളിലും മറ്റും നിലത്തു വീഴുന്ന ഭക്ഷണത്തില്‍ ബാക്ടീരിയകള്‍ കയറാന്‍ അല്‍പ സമയം വേണ്ടി വരും. അതായത് 5 സെക്കന്‍ഡിനുള്ളില്‍ ഇവ എടുക്കാന്‍ സാധിച്ചാര്‍ രോഗാണുക്കള്‍ കയറാനുള്ള സാധ്യതകള്‍ കുറയുമെന്നാണ് ഹില്‍ട്ടന്‍ പറയുന്നത്.

എന്നാല്‍ രോഗാണുക്കള്‍ കയറുകയേ ഇല്ല എന്നല്ല പറഞ്ഞുവരുന്നത്. തറയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏതാണെന്നതും അതിലേക്ക് വീഴുന്ന ഭക്ഷണപദാര്‍ത്ഥം ഏതാണ് എന്നതും എത്ര സമയം അത് നിലത്ത് തുടര്‍ന്നു തുടങ്ങിയ ഘടകങ്ങള്‍ ബാധകമാണ്. നിലത്തു വീണ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് 2000 ആളുകളില്‍ നടത്തിയ സര്‍വേയില്‍ 79 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരുന്നു.