തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരണാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.
അന്ധവിശ്വാസം ഒരു ജീവൻ കൂടിയെടുത്തു തമിഴ്നാട്ടിൽ. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ഈയിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി ഇയാള്‍ മകനെ ഉപദ്രവിച്ചു.
അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജോത്സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.
Leave a Reply