ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജനുവരി 27 ന് ബ്രിസ്റ്റോളിലെ ഹാർട്ട്ക്ലിഫിൽ മാക്‌സ് ഡിക്‌സൺ (16), മേസൺ റിസ്റ്റ് (15) എന്നീ രണ്ട് ആൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നാല് കൗമാരക്കാരും 45 വയസുള്ള ഒരാളും കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊലപാതകം നടന്ന ദിവസം മാക്‌സും മേസണും ഹാർട്ട്ക്ലിഫിലെ ഒരു വീടിന് നേരെ ആക്രമിച്ചെന്ന തെറ്റിദ്ധാരണയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ ആറാഴ്ചത്തെ വിചാരണയ്ക്കിടെ റിലേ ടോളിവർ (18), 16 വയസ്സുകാരൻ, 17 വയസ്സുകാരൻ, ഡ്രൈവർ ആൻ്റണി സ്നൂക്ക് (45) എന്നിവരെ രണ്ടു കൊലപാതകങ്ങൾക്കും ശിക്ഷിച്ചു. ഇത് കൂടാതെ മേസൻെറ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ച പതിനഞ്ചു വയസ്സുകാരൻ മാക്‌സിൻ്റെ കൊലപാതകത്തിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ബ്രിസ്റ്റോളിലെ നോൾ വെസ്റ്റിൽ വെച്ചാണ് മാക്‌സിനും മേസണും നേരെ കത്തിക്കുത്ത് അക്രമം ഉണ്ടായത്. ജനുവരി 28 പുലർച്ചെ ഇരുവരുടെയും മരണത്തിന് കാരണമായ ആക്രമണം നീണ്ടു നിന്നത് 33 സെക്കൻഡ് മാത്രമാണ്. അക്രമികളുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും, ഒരു തെറ്റിദ്ധാരണയുടെ പുറത്ത് പിസ്സ വാങ്ങാനായി പുറപ്പെട്ട ഇവരെ ആക്രമിക്കുകയായിരുന്നു. മേസൻ്റെ വീട്ടിലെ ക്യാമറ ഉൾപ്പെടെയുള്ള സിസിടിവിയും ഡോർബെൽ ദൃശ്യങ്ങളും കേസിൽ നിർണായക പങ്ക് വഹിച്ചു. ആക്രമണവും ഓഡി കാറിൽ എത്തുന്ന അക്രമണധാരികളുടെ ദൃശ്യങ്ങളും ഇതിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ കുട്ടികളെ മാരക പരുക്കുകളോടെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.