ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് ബ്രിട്ടനിൽ ഉടനീളം ഉണ്ടായിരുന്ന ദുഃഖാചരണം അവസാനിപ്പിച്ച് എല്ലാ ഗവൺമെന്റ് കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തിക്കെട്ടി. തിങ്കളാഴ്ച പകൽ മുഴുവൻ നീണ്ടുനിന്ന പൊതുപ്രദർശന ചടങ്ങുകൾക്ക് ശേഷം, വൈകുന്നേരത്തോടെ വിൻഡ്സർ കാസ്റ്റിലിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ശവസംസ്കാര ചടങ്ങ് നടന്നത്. എന്നാൽ രാജകുടുംബം മുഴുവനും അടുത്ത ഒരാഴ്ച കൂടി ദുഃഖാചരണം ആചരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 27 വരെ രാജകുടുംബം ദുഃഖം ആചരിക്കുന്ന സാഹചര്യത്തിൽ, ഔദ്യോഗിക വസതികളിൽ മാത്രം പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. രാജ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഈ ദുഃഖത്തിൽ പങ്കുചേരുമെന്ന് രാജകുടുംബം ഔദ്യോഗികമായി അറിയിച്ചു. ശവസംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച് നിരവധി ആളുകൾ ലണ്ടനിലും സമീപപ്രദേശങ്ങളിലും എത്തിയതിനാൽ ക്ലീനിങ് ജീവനക്കാർ പരിസരങ്ങൾ വൃത്തിയാക്കുവാൻ കഠിനപ്രയത്നത്തിലാണ്.
തിങ്കളാഴ്ച നടന്ന ശവസംസ്കാര ചടങ്ങിൽ നിരവധി ലോക നേതാക്കളാണ് പങ്കെടുത്തത്. രാജ്ഞിയുടെ അത്ഭുതമാർന്ന സ്നേഹകാരുണ്യത്തെപ്പറ്റി ചടങ്ങിൽ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വാചാലനായി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ നൂറോളം പ്രസിഡന്റുമാരും ലോക നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ നേതാവിന് അവസാനമായി യാത്രയയപ്പ് നൽകുവാനായി മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര നടന്ന സ്ഥലങ്ങളിൽ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. രാജ്ഞി തന്റെ അവസാന നാളുകളിൽ പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ ക്ഷണിച്ചത് തനിക്ക് സന്തോഷം ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കി.
Leave a Reply