ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് തുടർക്കഥയാവുകയാണ്. എയർപോർട്ട് ജീവനക്കാരുടെ ക്ഷാമം മൂലം യാത്രക്കാരും കടുത്ത പ്രതിസന്ധിയിലായി. ഹീത്രൂ വിമാനത്താവളത്തിലെ നാല് വിമാനങ്ങളാണ് ഇന്ന് ബ്രിട്ടീഷ് എയർവേയ്‌സ് റദ്ദാക്കിയത്. മുൻപ് 74 സർവീസുകൾ പിൻവലിച്ചിരുന്നു. ഇന്ന് ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ഈസിജെറ്റ് 30 വിമാനങ്ങൾ റദ്ദാക്കി. കോവിഡ് കാരണം ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി. ഈസ്റ്റർ സമയം കൂടുതൽ വിമാനങ്ങൾ നിർത്തിവയ്ക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും ആശങ്ക സൃഷ്ടിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യാത്രാദുരിതങ്ങളുടെ പശ്ചാത്തലത്തിൽ , മാഞ്ചസ്റ്റര്‍, സ്റ്റാന്‍സ്റ്റെഡ്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളങ്ങളുടെ ഉടമകളായ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ കരേന്‍ സ്മാര്‍ട്ട് ഇന്നലെ രാജിവെച്ചു. പകർച്ചവ്യാധിയുടെ സമയത്ത് നിരവധി പേർ ജോലി ഉപേക്ഷിച്ചതിന് ശേഷം ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ എയർലൈനുകൾ പാടുപെടുകയാണ്. എയർപോർട്ടിൽ രാവിലെ മുതലേ യാത്രക്കാരുടെ നീണ്ട നിരയാണ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സെക്യൂരിറ്റി ചെക്കിംഗ് വൈകുന്നതിനാൽ പലർക്കും വിമാനം ലഭിച്ചില്ല.

വിമാനത്താവളത്തില്‍ പുതിയതായി നിയമിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ കൗണ്ടര്‍ ടെറര്‍ചെക്കിംഗ് നടത്താന്‍ ധാരാളം സമയം ആവശ്യമായി വരും. അതിനാൽ, വേനല്‍ക്കാലം മുഴുവന്‍ ഈ പ്രതിസന്ധി തുടരും എന്ന് യൂണിയനുകൾ വ്യക്തമാക്കി. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ആദ്യ അവധി ആഘോഷിക്കാൻ ബ്രിട്ടീഷുകാർ തയ്യാറെടുത്തിരിക്കുന്ന സമയമാണിത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി തികച്ചും ആശങ്കാജനകമാണ്.