അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്യുന്ന വിമാനങ്ങള്‍ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ പ്രതിഷേധം മൂലം റദ്ദാക്കപ്പെടുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയില്ലാതെ ഡീപോര്‍ട്ട് ചെയ്യപ്പെടുന്നവരെ വിമാനങ്ങളില്‍ ഉപേക്ഷിക്കുകയാണ് ഹോം ഓഫീസ് ജീവനക്കാരെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇത്തരക്കാരെ മിക്കവാറും ഒറ്റയ്ക്കായിരിക്കും അയക്കുക. ഇവര്‍ വിമാനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ പൈലറ്റുമാര്‍ ടേക്ക് ഓഫിന് വിസമ്മതം അറിയിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ചില വിമാനങ്ങള്‍ സര്‍വീസ് തന്നെ റദ്ദാക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ടത്രേ! പ്ലാന്‍ഡ് ഡീപോര്‍ട്ടേഷനുകള്‍ പോലും റദ്ദാക്കപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ബഹളമുണ്ടാക്കി ഡീപോര്‍ട്ടേഷന്‍ അലസിപ്പിച്ച ചരിത്രമുള്ളവര്‍ക്കു പോലും എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്താന്‍ ഹോം ഓഫീസ് ജീവനക്കാര്‍ തയ്യാറാകുന്നില്ല.
പരിശീലനം ലഭിക്കാത്തതും അമിതജോലി ചെയ്ത് തളര്‍ന്നവരുമായ ജീവനക്കാരാണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹോം ഓഫീസിന്റെ പ്രവര്‍ത്തന ശൈലിയാണ് ഈ വിഷയത്തില്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്. കുടിയേറ്റത്തിനായുള്ള അപേക്ഷകള്‍ നിരസിക്കുന്നതിന് ഇന്‍സെന്റീവുകള്‍ നല്‍കുകയും അപേക്ഷകരെ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് കാര്യമായ പരിശീലനമില്ലാത്തതുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടനില്‍ അഭയം നിഷേധിക്കപ്പെട്ടവരെ നാടുകടത്താന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സാധാരണ ഗതിയില്‍ പ്രതിഷേധക്കാരുടെ ലക്ഷ്യമാകാറുണ്ട്. ഫെബ്രുവരി 15ന് ഡീപോര്‍ട്ട് ചെയ്യപ്പെട്ട 60 പേരുമായി പുറപ്പെടാനൊരുങ്ങിയ വിമാനം സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.
സ്റ്റാന്‍സ്റ്റെഡ് 15 എന്ന പേരില്‍ അറിയപ്പെട്ട സംഘമാണ് വിമാനം തടഞ്ഞത്. ഈ സംഭവം മൂലമുണ്ടായ സര്‍വീസ് വൈകല്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിന് 10 ലക്ഷത്തോളം പൗണ്ടിന്റെ നഷ്ടമുണ്ടാക്കിയിരുന്നു. ഡീപോര്‍ട്ട് ചെയ്യാനിരുന്നവരെ പിന്നീട് വിമാനത്തില്‍ നിന്ന് മാറ്റേണ്ടി വന്നു. പ്രതിഷേധക്കാര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സസ്‌പെന്‍ഡഡ് ശിക്ഷകളും കമ്യൂണിറ്റി ഓര്‍ഡറുകളും നല്‍കി. ഇത്തരം പ്രതിഷേധങ്ങള്‍ കൊടും കുറ്റവാളികളെ നാടുകടത്താനുള്ള ശ്രമങ്ങളെപ്പോലും പരാജയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Leave a Reply