പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരുതലിന് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് യുഎന്‍. ഖത്തര്‍, യുഎഇ, മാലി, റഷ്യ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായം കേന്ദ്രം തടഞ്ഞിരിക്കുന്നത്. ഇതോടെ യുഎഇ അനുവദിച്ച 700 കോടി രൂപയും കേരളത്തിലേക്ക് എത്തിക്കില്ലെന്ന് ഉറപ്പായി.
ഇതുസംബന്ധിച്ച തീരുമാനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. ഇതാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന തൊടുന്യായം.
എന്നാല്‍, സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിനു ലഭിക്കുന്ന എല്ലാ സഹായങ്ങളും റദ്ദാക്കി കേരളത്തെ വലിഞ്ഞു മുറുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കേരളത്തിന് സൗജന്യമായി അനുവദിച്ച അരിക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയുമായിരുന്നു. യുഎന്‍ വാഗ്ദാനം ചെയ്ത സഹായമാണ് കേന്ദ്രം ആദ്യം തടഞ്ഞത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
Leave a Reply