അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ അശ്ലീല ചിത്രം കാണിച്ചുവെന്ന കേസില്‍ ജയിലിലായ മലയാളി വൈദികനെ സഹായിച്ചില്ലെന്നാരോപിച്ച് കത്തോലിക്കാ സഭാധികൃതര്‍ തന്നെ തരം താഴ്ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഐറിഷ് വൈദീകന്‍ രംഗത്ത്. തന്നെ ഭ്രാന്തനെന്നു മുദ്ര കുത്തി നാടുകടത്താനുള്ള ശ്രമമാണ് യൂ എസ് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നാണ് ഫാ.ജോണ്‍ എ ഗാലഗര്‍ എന്ന ഈ വൈദീകന്റെ ആരോപണം.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും മൊബൈലില്‍ സൂക്ഷിക്കുകയും അത് പതിനാലുകാരനെ കാണിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചിലെ വൈദികനായിരുന്ന അങ്കമാലി സ്വദേശിഫാ. ജോസ് പാലിമറ്റം (48 ) കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത്.അക്കാലത്ത് ഫാ.ജോസിനൊപ്പം താമസിച്ചിരുന്ന ലണ്ടന്‍ ഡറി ലോംഗ് ടവര്‍ പള്ളിയിലെ മുന്‍ വികാരിയും കൌണ്ടി റ്റൈറോണില്‍ നിന്നുള്ളയാളുമായ ഫാ.ഗാലഗറാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന്‍ 14 വയസ്സുള്ള കുട്ടിയുടെ സഹായം തേടിയിരുന്നു. അന്ന് രാത്രി ഫാ.ജോസ് ‘ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീം’എന്നൊരു മെസേജു കൂടി കുട്ടിയ്ക്ക് വിട്ടതോടെ ഇക്കാര്യം അവന്‍ കൂട്ടുകാരോട് പറഞ്ഞു. ഇവര്‍ ചര്‍ച്ചിലെ ക്വയര്‍ മാസ്റ്ററെ ഫോണില്‍ വിവരം വിളിച്ചുപറയുകയായിരുന്നു.ഇയാളാണ് ഫാ.ഗാലഗറിനെ വിവരം അറിയിച്ചത്.
എന്നാല്‍ സഭാധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ല എന്ന പേരില്‍ അധികാരികള്‍ പ്രതികാരപൂര്‍വ്വം പ്രവര്‍ത്തിക്കുകയാണെന്നാണ് ഐറിഷ് വൈദികന്റെ ആരോപണം.
മലയാളി വൈദീകന് എതിരെ പരാതി ഉയര്‍ന്നപ്പോഴേ സഭാധികാരികള്‍ തന്നെ ബന്ധപ്പെട്ട് ഫാ.ജോസിനെ ഇന്ത്യയിലേയ്ക്കുള്ള വിമാനം കയറ്റി വിടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഫാ.ജോസിനെതിരെ സാക്ഷിമൊഴികള്‍ ഒന്നും ഉണ്ടാകാതിരിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.ഫാ.ഗാലഗര്‍ പറഞ്ഞു.
എന്നാല്‍ സഭാ ചട്ടം അനുസരിച്ച് കുട്ടികളോട് ലൈംഗീക അതിക്രമം കാണിക്കുന്നവരോട് സീറോ ടോളറന്‍സേ കാണിക്കാവു എന്നചട്ടം ഉള്ളതിനാല്‍ മുതിര്‍ന്ന അധികാരികള്‍ പറയുന്നത് അനുസരിക്കാന്‍ താന്‍ തയ്യാറായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. പകരം പോലിസിനെ വിളിച്ചു വരുത്തി ഫാ.ജോസിനെ ചോദ്യം ചെയ്തു സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിച്ചു.പോലിസ് സാന്നിധ്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ കേരളത്തില്‍ വെച്ചും താന്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് ഫാ.ജോസ് സമ്മതിച്ചുവെന്നും ഐറിഷ് വൈദീകന്‍ പറഞ്ഞു.
സഭയുടെ ചട്ടങ്ങള്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള അനന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത് എന്നാണ് താന്‍ അപ്പോഴും കരുതിയത് .അതനുസരിച്ച് വെസ്റ്റ് പാം ബീച്ചിലെ പോലിസ് ഷരീഫിനെ വിവരം ധരിപ്പിച്ചു അവരോട് ഫാ.ജോസിന് എതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവങ്ങള്‍ പെട്ടന്നു മാറി മറിയുകയായിരുന്നു. ഇടവകയിലെ ജനങ്ങള്‍ക്ക് സംഭവത്തില്‍ അഭിപ്രായ ഐക്യമില്ലാതെ വരികയും, ഫാ ജോസ് ജയിലില്‍ ആവുകയും ചെയ്തതോടെ രൂപതാ ബിഷപ് ജറാള്‍ഡ് ബാര്‍ബര്‍ഷ്യോ തന്നെ വിളിച്ചു വരുത്തി.
സഭയ്ക്ക് ചെയ്ത സേവനങ്ങള്‍ക്ക് പ്രതിഫലമായി പ്രൊമോഷന്‍ നല്കാനാവും ബിഷപ്പിന്റെ മീറ്റിംഗ് എന്ന് കരുതിയെങ്കിലും അപ്രധാനമായ ഒരു ചാപ്പലിന്റെ ചുമതലയിലേയ്ക്ക് തന്നെ തരം താഴ്ത്തുകയാണ് ഉണ്ടായത്.ഐറിഷ് വൈദീകന്‍ പറഞ്ഞു. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങോട്ട് മാറാന്‍ തയാറെടുക്കവേ തനിക്ക് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ട് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ശുശ്രീഷിക്കാന്‍ കൂടെ ഉണ്ടായിരുന്ന കന്യാസ്ത്രിയെ ഫാ.ജോസ് പാലിമറ്റവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ എടുക്കാന്‍ വിട്ടെങ്കിലും ഇടവകക്കാരും,പള്ളി അധികൃതരും അത് സമ്മതിച്ചില്ല.
ആശുപത്രിയില്‍ നിന്നും തിരികെ പ്രീസ്റ്റ് ഹൌസില്‍ ചെന്നപ്പോഴാകട്ടെ അതിന്റെ താഴു പോലും മാറ്റി മറ്റൊരെണ്ണം പിടിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ എനിക്ക് താമസിക്കാന്‍ വീട് പോലും ഇല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഐറിഷ് ഇന്‍ഡിപെണ്ടിനു നല്‍കിയ അഭിമുഖത്തില്‍ ഫാ.ഗാലഗര്‍ പറഞ്ഞു.
പിന്നീട് ബിഷപ് തനിക്കയച്ച കത്തില്‍ മാനസീകാസ്വാസ്ഥ്യം ഉള്ളതിനാല്‍ ചികിത്സ ആവശ്യമുണ്ടെന്നും പെന്‍സില്‍വാനിയയായിലെ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പോകണമെന്നും അതിനുള്ള ചിലവ് രൂപത നല്‍കി കൊള്ളാമെന്നും അറിയിച്ചെന്നും ഐറിഷ് വൈദീകന്‍ പറഞ്ഞു.എന്നാല്‍ ഇതിനു തയാറാവത്തതിനാല്‍ ഇദ്ദേഹത്തെ ശമ്പളം കൊടുത്ത് അവധിയ്ക്ക് അയച്ചിരിക്കുകയാണിപ്പോള്‍.
ഫാ.ജോസ് പാലിമുറ്റം കുറ്റക്കാരനല്ല എന്ന നിലപാടാണ് ഇപ്പോള്‍ ഇടവകക്കാരും രൂപതാ അധികൃതരും സ്വീകരിച്ചിരിക്കുന്നതത്രേ. ഇതേ തുടര്‍ന്നാണ് മലയാളി വൈദീകനെ ജയിലില്‍ അയയ്ക്കാന്‍ അവസരം ഒരുക്കിയാളെന്ന നിലയില്‍ പ്രദേശവാസികളുടെ കനത്ത എതിര്‍പ്പും ഈ ഐറിഷ് വൈദീകന് നേരിടേണ്ടി വന്നിരിക്കുകയാണ്.