ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ആഗസ്റ്റ് മാസത്തെ മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് 3.8 ശതമാനത്തിൽ തന്നെ തുടരുകയാണ്. എന്നാൽ ഭക്ഷണവും മദ്യമല്ലാത്ത പാനീയങ്ങളുടെയും വില സൂചിക 5.1% വരെ ഉയർന്നിട്ടുണ്ട്. പശുവിറച്ചി, വെണ്ണ, പാൽ, ചോക്ലേറ്റ് തുടങ്ങിയ ഇനങ്ങളിൽ വൻ വിലവർധനയാണ് ഉണ്ടായത്. സർക്കാർ കൂട്ടിച്ചേർത്ത ദേശീയ ഇൻഷുറൻസ് (NIC) അടക്കമുള്ള നികുതിവർദ്ധന സൂപ്പർമാർക്കറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതാണ് ഭക്ഷ്യവില കുതിക്കുന്നതിന് പ്രധാന കാരണം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു..
ഫ്രാൻസിൽ 0.8% മാത്രവും ജർമ്മനിയിൽ 2.1% മാത്രവുമാണ് ആഗസ്റ്റ് മാസത്തെ ഇൻഫ്ലേഷൻ ഉണ്ടായത് . ഈ നിരക്കുകളുമായി താരതമ്യം ബ്രിട്ടനിലെ പണപ്പെരുപ്പം ആണ് ഏറ്റവും ഉയർന്ന് നിൽക്കുന്നത്. പശുവിറച്ചിക്ക് 25 % വരെയും ബട്ടറിന് 19% വരെയും ചോക്ലേറ്റിന് 15% വരെയും വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി വേതനവർധന 4.7% മാത്രമായതിനാൽ ഭക്ഷ്യവില കുതിച്ചുയരുന്നത് കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കോൺസോർഷ്യം മുന്നറിയിപ്പ് നൽകി. അതേസമയം, വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയുടെ വില കുറഞ്ഞു. ഇത് കൂടാതെ സെറൽസ് , പാസ്ത തുടങ്ങിയ ചില പ്രധാന ഭക്ഷണ വസ്തുക്കൾക്കും വില കുറഞ്ഞിട്ടുണ്ട് .
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് അഞ്ചുതവണ കുറച്ച് ഇപ്പോൾ 4 ശതമാനത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും, ഇൻഫ്ലേഷൻ 3.8 ശതമാനത്തിൽ തന്നെ തുടരുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വർഷാവസാനത്തേക്ക് ഭക്ഷ്യവിലകൾ വീണ്ടും കയറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത് . അതേസമയം അടുത്ത വർഷത്തോടെ വിലക്കയറ്റം നിയന്ത്രിക്കപ്പെടുമെന്നും 2026 അവസാനത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 3% വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ക്യാപിറ്റൽ ഇക്കണോമിക്സ് അഭിപ്രായപ്പെട്ടു.
Leave a Reply