നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ഭക്ഷ്യവില കുതിച്ചുയരുമെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ്. ചെഡ്ഡാര്‍ ചീസിന്റെ വില 32 ശതമാനവും ബീഫിന്റെ വില 29 ശതമാനവും ഉയരുമെന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചുകൊണ്ടാണ് ഗോവ് ഇക്കാര്യം സമ്മതിച്ചത്. ബിബിസിയില്‍ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഗോവ് വിലക്കയറ്റമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വിശദീകരിച്ചത്. ഭക്ഷ്യവസ്തുക്കളുടെ താരിഫ് ആവശ്യപ്പെട്ട് ബിആര്‍സി ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. അതിനായി സമര്‍പ്പിച്ച വിവരങ്ങളാണ് ആന്‍ഡ്രൂ മാര്‍ ചൂണ്ടിക്കാണിച്ചത്. നോ ഡീല്‍ സംഭവിച്ചാല്‍ രാജ്യത്തെ ഭക്ഷ്യവില കുതിച്ചുയരുമോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്ന മറുപടിയാണ് ഗോവ് നല്‍കിയത്.
മറ്റു ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടാകും. തക്കാളിയുടെ വില 9 ശതമാനം മുതല്‍ 18 ശതമാനം വരെ വര്‍ദ്ധിക്കും. ബീഫിന് 29 ശതമാനവും ചെഡ്ഡാര്‍ ചീസിന് 32 ശതമാനവും വരെ വില ഉയരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമ്പോള്‍ നമുക്ക് ചേരുന്ന വിധത്തില്‍ താരിഫുകള്‍ സജ്ജീകരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. ഉപഭോക്താക്കളെ സംരക്ഷിക്കാനും അതിനൊപ്പം വീടുകളില്‍ നടക്കുന്ന ഭക്ഷ്യോല്‍പാദന വ്യവസായത്തെ സംരക്ഷിക്കാനും ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്ന് ഗോവ് പറഞ്ഞു. വളരെ ദുര്‍ബലമെങ്കിലും പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ മേഖലയ്ക്ക് പുറത്തു നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫാണ് ഈ പ്രശ്‌നത്തിന് കാരണം. ഇത്തരമൊരു സാഹചര്യം ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉയര്‍ന്നു വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പിലാകുന്നത്. യൂറോപ്പില്‍ നിന്ന് ഒട്ടേറെ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സമയത്താണ് ഇത് സംഭവിക്കുകയെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ലെറ്റിയൂസ് 90 ശതമാനവും തക്കാളി 80 ശതമാനവും പഴവര്‍ഗ്ഗങ്ങളില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഉയര്‍ന്ന താരിഫും പൗണ്ടിന്റെ മൂല്യം ഇടിയുന്നതും പുതിയ പരിശോധനകളും ഇവയുടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റീട്ടെയിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Leave a Reply