തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പൊലീസില്‍ നിന്ന് ഭീഷണി വന്നതായി അറിയപ്പെടുന്ന റേഡിയോ ജോക്കി (ആര് ജെ) ആയ സുചിത്ര. തമിഴ്നാട് പൊലീസിന്റെ ക്രൈം ബ്രാഞ്ച് സിഐഡിയില്‍ നിന്നാണ് വിളി വന്നത്. അരാജകത്വം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ആര്‍ജെ സുചിത്ര പറയുന്നു. തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തില്‍ ഗ്രാഫിക്സ് വിവരങ്ങളടക്കം പൊലീസ് പീഡനം വിശദീകരിച്ചുള്ള വീഡിയോ ആര് ജെ സുചിത്ര പോസ്റ്റ് ചെയ്യുകയും ഇത് രാജ്യത്താകെ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അടക്കമുള്ളവർ ആർ ജെ സുചിത്രയുടെ വീഡിയോ കണ്ടാണ് കസ്റ്റഡി കൊലയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നിരുന്നു എന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത ജയരാജ് എന്നയാളേയും (59) അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ മകന് ബെന്നിക്സിനേയും (31) പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 10 പൊലീസുകാരാണ് കേസിൽ അറസ്റ്റിലായത്. തൂത്തുക്കുടി സാത്തൻകുളം പൊലീസ് സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന്റെ പൊലീസുകാർക്കെതിരായ മൊഴി നിർണായകയമായി. അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് നിങ്ങള്‍ പറയുന്നത് പോലെയൊന്നുമല്ല എന്ന് പറഞ്ഞാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തിയത് – ആർജെയും ഗായികയും നടിയുമായ സുചിത്ര പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയിലെ അടിസ്ഥാനത്തിലുള്ള എഫ്ഐആറിലെ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്ന് സുചിത്ര എന്‍ഡിടിവിയോട് പറഞ്ഞു. യാതൊരു തെളിവുമില്ലാതെ ഭാവനയില്‍ നിന്നുള്ള കാര്യങ്ങള്‍ വച്ച് സുചിത്ര വ്യാജപ്രചാരണം നടത്തിയെന്നാണ് സിബി സിഐഡി സോഷ്യല്‍മീഡിയ പോസ്റ്റില്‍ ആരോപിച്ചത്. പൊലീസിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് വീഡിയോ എന്ന് ആരോപിക്കുന്നു. സുചിത്ര പറയുന്നതൊന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല എന്നാണ് തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവി ജയകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞത്.
Leave a Reply