അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ വാഹന നിര്‍മാണം അവസാനിപ്പിച്ചതിന് പിന്നാലെ കമ്പനിയുടെ ഗുജറാത്ത് സാനന്ദിലെ പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് കൈമാറാന്‍ ധാരണയായി. ഇത് സംബന്ധിച്ച കൈമാറ്റ കരാറില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവെച്ചു. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ യൂണിറ്റ്, യന്ത്രങ്ങള്‍ തുടങ്ങിയവയാണ് ഫോര്‍ഡ്, ടാറ്റ മോട്ടോഴ്‌സിന് കൈമാറുന്നത്.
ഇതിനുപുറമെ, ഈ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന യോഗ്യരായ ജീവനക്കാരേയും ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നുണ്ട്. നികുതികള്‍ക്ക് പുറമെ, 725.7 കോടി രൂപയ്ക്കാണ് ഫോര്‍ഡിന്റെ പ്ലാന്റ് ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്. പ്ലാന്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് മെയ് മാസത്തില്‍ തന്നെ തീരുമാനമായിരുന്നെന്നാണ് ഇരുകമ്പനികളും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അനുമതിയുടെ തേടിയിരുന്നു.
ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ഇന്ന് ഒപ്പുവെച്ചിട്ടുള്ള കരാര്‍ ടാറ്റ മോട്ടോഴ്‌സിന്റെ എല്ലാ പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. പസഞ്ചര്‍ കാര്‍ ശ്രേണിയില്‍ ടാറ്റയുടെ വിപണിയിലെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹന വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനും ഈ ഏറ്റെടുക്കല്‍ ഏറെ ഗുണകരമാകുമെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനം വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു.
ഫോര്‍ഡ് ഇന്ത്യയില്‍ നടപ്പാക്കുന്ന ബിസിനസ് പുനസംഘടിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണ് ഇന്നത്തെ പ്രഖ്യാപനം. യോഗ്യരാജ ജീവനക്കാരെയും കൈമാറാന്‍ സാധിച്ചതിലൂടെ കമ്പനിക്കൊപ്പം നിന്നവരെ പരിപാലിക്കാന്‍ സാധിച്ചെന്ന വിശ്വാസവുമുണ്ട്. അത്യാധുനിക നിര്‍മാണ സംവിധാനങ്ങളും പ്രതിഭകളായ ജീവനക്കാരുടെ പ്രവര്‍ത്തനവും ചേരുന്നതോടെ ടാറ്റ മോട്ടോഴ്‌സിന് കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് ഫോര്‍ഡ് മേധാവി സ്റ്റീവ് ആംസ്‌ട്രോങ്ങ് അഭിപ്രായപ്പെട്ടു.
പ്ലാന്റ് ടാറ്റ് മോട്ടോഴ്‌സിന് കൈമാറിയെങ്കിലും ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം തുടര്‍ന്നും സാനന്ദ് പ്ലാന്റില്‍ നടക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഇതിനായി ടാറ്റ മോട്ടോഴ്‌സില്‍ നിന്നും സ്ഥലും സംവിധാനങ്ങളും പാട്ടത്തിനെടുക്കുമെന്നാണ് വിവരം. ഫോര്‍ഡിന്റെ പവര്‍ട്രെയിന്‍ നിര്‍മാണം അവസാനിപ്പിക്കുന്ന മുറക്ക് ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ഫോര്‍ഡ് ജീവനക്കാരെ ടാറ്റ മോട്ടോഴ്‌സില്‍ എത്തിക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
ഫോര്‍ഡിന്റെ ഈ പ്ലാന്റ് ഏറ്റെടുക്കുന്നതിലൂടെ മൂന്ന് ലക്ഷം യൂണിറ്റിന്റെ അധിക നിര്‍മാണ ശേഷിയാണ് ടാറ്റ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി സാനന്ദ് പ്ലാന്റ് ഉപയോഗിക്കാനാണ് ടാറ്റയുടെ പദ്ധതി. ടാറ്റയുടെ നിലവിലെ വാഹനങ്ങളിലും ഭാവിയിലേക്കുള്ള വാഹനങ്ങള്‍ ഒരുക്കുന്നതിനുമായുള്ള മാറ്റങ്ങള്‍ പ്ലാന്റില്‍ വരുത്തുന്നതിന് കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയുടെ ടാറ്റ മോട്ടോഴ്‌സ് ഒരുക്കുന്നുണ്ട്.
Leave a Reply