ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രസ്താവനകളും ഉയരുന്ന വംശീയതയും എൻഎച്ച്എസിലെ തൊഴിൽ അന്തരീക്ഷം മാറ്റുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാരണത്താൽ വിദേശ ഡോക്ടർമാരും നേഴ്സുമാരും എൻഎച്ച്എസിൽ നിന്ന് മാറിനിൽക്കുകയാണെന്ന അഭിപ്രായം ശക്തമാണ് . സർക്കാർ സ്വീകരിക്കുന്ന കടുത്ത കുടിയേറ്റ നയങ്ങളും പൊതുചർച്ചകളിലെ വംശീയ പരാമർശങ്ങളും യുകെയെ പുറമെനിന്നുള്ളവർക്ക് “സ്വാഗതം നൽകാത്ത വംശീയ രാജ്യമാക്കി കാണുന്ന സാഹചര്യം സൃഷ്ടിക്കുന്നതായി അക്കാദമി ഓഫ് മെഡിക്കൽ റോയൽ കോളേജസിന്റെ ചെയർ ജീനറ്റ് ഡിക്‌സൺ വ്യക്തമാക്കി.

ബ്രെക്സിറ്റിന് ശേഷം എൻഎച്ച്എസിലേക്കുള്ള വിദേശ മെഡിക്കൽ ജീവനക്കാരുടെ ഒഴുക്ക് നിലച്ചതായും, വിദേശ ഡോക്ടർമാർ സേവനം ഉപേക്ഷിക്കുന്നത് കൂടിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം നേഴ്സുമാരും മിഡ്‌വൈഫുമാരും പുതിയതായി ജോലിയിൽ ചേരുന്നത് ഗണ്യമായി കുറഞ്ഞു. നിലവിൽ യുകെയിലെ ഡോക്ടർമാരിൽ 42 ശതമാനവും വിദേശത്ത് യോഗ്യത നേടിയവരാണെന്നും, ഇവരുടെ സംഭാവനയില്ലാതെ എൻഎച്ച്എസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഡിക്‌സൻ മുന്നറിയിപ്പ് നൽകി . രാഷ്ട്രീയ നേതാക്കളുടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ, മാധ്യമങ്ങളിലെ പ്രതികൂല റിപ്പോർട്ടുകൾ, സഹപ്രവർത്തകരിൽ നിന്നും രോഗികളിൽ നിന്നും നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപങ്ങൾ എന്നിവയാണ് വിദേശ മെഡിക്കൽ ജീവനക്കാരെ അകറ്റുന്നതെന്ന് അവർ പറഞ്ഞു.

വിദേശ എൻഎച്ച്എസ് ജീവനക്കാർക്ക് ദിനചര്യയിൽ പോലും സുരക്ഷിതത്വ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ട്രസ്റ്റുകളിലെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. ആശുപത്രികളിലും പൊതുസമൂഹത്തിലും വംശീയ അധിക്ഷേപം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എൻഎച്ച്എസിൽ വംശീയതയ്ക്ക് “സീറോ ടോളറൻസ്” നയമാണെന്ന് ആവർത്തിച്ചു. സർക്കാർ വക്താവ്, വിദേശ മെഡിക്കൽ ജീവനക്കാരുടെ സേവനം അമൂല്യമാണെന്നും, എന്നാൽ ആഭ്യന്തരമായി പരിശീലനം നേടിയ ഡോക്ടർമാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും പ്രതികരിച്ചു. കുടിയേറ്റ വിരുദ്ധ ഭാഷയും നയങ്ങളും തുടരുകയാണെങ്കിൽ എൻഎച്ച്എസിന്റെ പ്രവർത്തനസുരക്ഷ തന്നെ അപകടത്തിലാകുമെന്ന് മെഡിക്കൽ രംഗത്തെ നേതാക്കൾ നൽകുന്ന മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും എന്നാണ് കരുതപ്പെടുന്നത്.











Leave a Reply