മലയാളം യുകെ ന്യൂസ് ബ്യുറോ
ഹോങ്കോങ് പ്രതിഷേധത്തെ ചൊല്ലി വിവാദപരാമർശങ്ങൾ നടത്തിയ യുകെയിലെ ചൈന അംബാസഡറെ വിദേശകാര്യാലയം വിളിപ്പിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹോങ്കോങ്ങിലെ പ്രതിഷേധക്കാരോട് തന്റെ പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ഹോങ്കോങ്ങിലെ നിയമലംഘകരെയാണ് ഹണ്ട് പിന്തുണയ്ക്കുന്നതെന്ന് അംബാസഡർ ലിയു ഷിയോമിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് വിവാദമായത് . ഷിയോമിങ്ങിന്റെ ഈ വാദം അസ്വീകാര്യവും കൃത്യതയില്ലാത്തതുമാണെന്ന് വിദേശകാര്യാലയം അറിയിച്ചു.അംബാസഡറുടെ പരാമർശത്തിൽ ബ്രിട്ടന്റെ അതൃപ്തി അറിയിക്കുന്നതിനായാണ് വിദേശകാര്യാലയത്തിലെ സ്ഥിരം അണ്ടർ സെക്രട്ടറി സൈമൺ മക്‌ഡൊണാൾഡ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഈ പ്രശ്നം മൂലം ചൈന – ബ്രിട്ടീഷ് ബന്ധം താറുമാറാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ഒരു മാസമായി ഹോങ്കോങ്ങിൽ പ്രതിഷേധം ശക്തമായി നടന്നുവരികയാണ്. കോടതിനടപടികൾക്കായി ചൈനയിലേക്ക് വ്യക്തികളെ കൈമാറാൻ അനുവദിക്കുന്ന നിയമത്തിനെതിരെയാണ് പ്രതിഷേധം. ഒപ്പം ജൂലൈ 1ന്, പ്രതിഷേധക്കാർ നിയമസഭാ കൗൺസിൽ കെട്ടിടത്തിൽ അതിക്രമിച്ചുകയറി പഴയ ബ്രിട്ടീഷ് കൊളോണിയൽ പതാക ഉയർത്തുകയുണ്ടായി. അടിച്ചമർത്തലിനുവേണ്ടി അക്രമം നടത്തരുതെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തീരുമാനം എടുക്കേണ്ടത് ഹോങ്കോങ്ങിലെ ഗവണ്മെന്റ് ആണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും അവർ അറിയിച്ചു. ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ ഹണ്ട് പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഹണ്ടും അക്രമം ഒഴിവാക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ഹോങ്കോങ്ങിലെ നിയമങ്ങൾ ലംഘിക്കുന്നവരെയാണ് ഹണ്ട് പിന്തുണയ്ക്കുന്നതെന്ന് ലിയു പറഞ്ഞു. “നിയമലംഘനം നടത്തുന്ന വ്യക്തികളെ മുതിർന്ന ഉദ്യോഗസ്ഥർ പിന്തുണയ്ക്കുന്നത് വളരെ നിരാശാജനകമായ കാര്യമാണ്. ബ്രിട്ടന്റെ കീഴിൽ 22 വർഷം മുമ്പ് ഹോങ്കോങ് എന്തായിരുന്നുവെന്ന് നമുക്കറിയാം: സ്വാതന്ത്ര്യമോ ജനാതിപത്യമോ ഒന്നും ഉണ്ടായിരുന്നില്ല.” ലിയു കൂട്ടിച്ചേർത്തു. ചൈനയും ബ്രിട്ടനും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനവും രാജ്യങ്ങൾ തമ്മിലുള്ള നിയമപരമായ കരാറുകളെ മാനിക്കുന്നതും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഹണ്ട് ട്വീറ്റ് ചെയ്തു.
ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുന്നതിനുവേണ്ടി ബ്രിട്ടനും ചൈനയും തമ്മിൽ ഒരു കരാർ ഒപ്പുവെച്ചിട്ടുണ്ട്. കുറഞ്ഞത് 50 വർഷത്തേക്കെങ്കിലും ഹോങ്കോങ്ങിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലന്ന കരാർ ഒപ്പുവെച്ചത് മാര്ഗരറ്റ് താച്ചറും അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷാവോ സിയാങ്ങും ചേർന്നാണ്. ചൈനീസ് ഭരണത്തിന്റെ കീഴിൽ ഹോങ്കോങ് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അതിൽ പറയുന്നുണ്ട്. 1997 മുതൽ ചൈനയുടെ കീഴിൽ ഹോങ്കോങ്ങിനെ “ഒരു രാജ്യം, രണ്ടു സംവിധാനങ്ങൾ” എന്ന ക്രമീകരണത്തിലാണ് നടന്നുപോകുന്നത്. ഇതിലൂടെ ഹോങ്കോങിന് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ മങ്ങിപ്പോയ പ്രതാപത്തിലാണ് ഹണ്ട് ഇപ്പോഴുമെന്നും മറ്റുള്ളവരെ ബെയ്‌ജിങ് വിദേശകാര്യാലയത്തിന്റെ വക്താവ് ഖെങ് ഷുവാങ് പറഞ്ഞു.
Leave a Reply