ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്യൻ യൂണിനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ കാര്യമായി നടപടികൾ ഉണ്ടാകുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിൽ ഉണ്ടായിരുന്ന വിദേശനയത്തിൽ സ്റ്റാർമർ സർക്കാർ കാര്യമായ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. തുടക്കം മുതൽ ബ്രെക്സിറ്റിനെ എതിർത്തിരുന്ന ലേബർ പാർട്ടിക്ക് ബ്രിട്ടനെ വീണ്ടും യൂറോപ്യൻ യൂണിയനിലേയ്ക്ക് ഒന്ന് തിരിച്ചു കൊണ്ടുപോകുക പ്രായോഗികമല്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബ്രെക്സിറ്റ് വാദികളുടെ വോട്ട് ലഭിക്കാനാവാനുള്ള സാധ്യത മുന്നിൽ കണ്ട് യൂറോപ്യൻ യൂണിയനിലേയ്ക്ക്ക്കുള്ള തിരിച്ചുപോക്ക് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെയർ സ്റ്റാർമർ തള്ളി കളയുകയും ചെയ്തിരുന്നു .
യൂറോപ്പിൽ നിന്നുള്ള വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നതിനും തിരിച്ചുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കഴിഞ്ഞ സർക്കാർ നിരാകരിച്ചിരുന്നു. എന്നാൽ പുതിയ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും യൂറോപ്യൻ യൂണിനുമായി കൂടുതൽ ഊഷ്മളമായ ബന്ധത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ബ്രിട്ടന്റെ സാമ്പത്തിക മേഖല തകർച്ച നേരിട്ടതിന് ലേബർ പ്രധാനമായും കുറ്റപ്പെടുത്തിയത് ബ്രക്സിറ്റിനെയാണ്. ബ്രെക്സിറ്റിന്റെ ഭാഗമായി ജിഡിപിയിലുണ്ടായ തകർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ പണപ്പെരുപ്പം ഉയരുന്നതിനും ജീവിത ചിലവ് വർദ്ധനവിനും കാരണമായതായാണ് പാർട്ടി വിലയിരുത്തുന്നത്.
അതുകൊണ്ട് തന്നെ യൂറോപ്യൻ യൂണിയനുമായി സഹകരിച്ച് ബ്രെക്സിറ്റ് സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ പുതിയ വിദേശകാര്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അയൽ രാജ്യമായ ഫ്രാൻസിൽ വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടതും ഉക്രയിനിലെ പ്രതിസന്ധിയുമെല്ലാം പുതിയ വിദേശകാര്യ മന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളികളാണ്.
Leave a Reply