കനത്തമഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചല്‍പ്രദേശില്‍ മലയാളികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. സംഘത്തില്‍ 18 മലയാളികളാണുള്ളത്. അഞ്ച് തമിഴ്‌നാട്ടുകാരും രണ്ട് ഉത്തരേന്ത്യക്കാരും സംഘത്തിലുണ്ട്. ശനിയാഴ്ച ഷിംലയിലേക്ക് പോകുന്നവഴി ഇവര്‍ സഞ്ചരിച്ച പാതയില്‍ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. കല്‍പ്പ എന്ന ഗ്രാമത്തിലാണ് നിലവില്‍ സംഘമുള്ളത്.
സംഘത്തില്‍ മൂന്നുപേര്‍ക്ക് ശ്വാസതടസ്സമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ ആംബുലന്‍സിന്റെ സഹായവും തേടിയതായാണ് വിവരം. മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ ഷിംല വിമാനത്താവളത്തില്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് എത്തണമെങ്കില്‍ വ്യോമസേനയുടെ സഹായം ആവശ്യമാണ്.
എയര്‍ലിഫ്റ്റിങ് വേണമെന്നതാണ് വിനോദസഞ്ചാരികളുടെയും ആവശ്യം. കല്‍പ്പയില്‍നിന്ന് ഷിംലയിലേക്കെത്താന്‍ റോഡുമാര്‍ഗം എട്ടുമണിക്കൂര്‍ സഞ്ചരിക്കേണ്ടതായുണ്ട്. മഴയും മണ്ണിടിച്ചിലുമുള്ള അവസ്ഥയില്‍ ഇത് സാധ്യമല്ല. അതിനാലാണ് വ്യോമമാര്‍ഗമുള്ള സഹായം സംഘം തേടുന്നത്.
ഭക്ഷണവും വെള്ളവും പരിമിതമായതിന്റെ ആശങ്കയും 25 പേരടങ്ങുന്ന വിനോദസഞ്ചാരി സംഘത്തെ അലട്ടുന്നുണ്ട്. കല്‍പ്പ ചെറിയൊരു ഗ്രാമമായതിനാല്‍ ഭക്ഷണം തീര്‍ന്നാല്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് വിനോദസഞ്ചാരികളിലൊരാളും നിലമ്പൂര്‍ സ്വദേശിയുമായ ഷാരൂഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയാണ് മണ്ണിടിച്ചിലുണ്ടായതെന്നും അതിനാല്‍ ട്രെയിന്‍, റെയില്‍വേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടിവന്നെന്നും ഷാരുഖ് പറയുന്നു. പിന്നെയും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ഷാരുഖ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സുരക്ഷിതമായ സ്ഥാനത്താണുള്ളതെന്നും ഷാരുഖ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ടെന്നും ഷാരുഖ് വ്യക്തമാക്കി.
Leave a Reply