ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ ചൈന സന്ദർശനം നടക്കാനിരിക്കെ മുൻ തായ്‌വാൻ പ്രസിഡന്റിൻെറ യു കെ സന്ദർശനം മാറ്റിവെയ്ക്കാൻ ഫോറിൻ ഓഫീസ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ രാജ്യത്തേയ്ക്കുള്ള തൻ്റെ ആദ്യ യാത്രയിൽ ഉന്നതതല യോഗങ്ങൾക്കായി ലാമി അടുത്തയാഴ്ച ചൈനയിലേക്ക് പോകും. ബ്രിട്ടീഷ്-തായ്‌വാനീസ് സർവകക്ഷി പാർലമെൻ്ററി ഗ്രൂപ്പ് (എപിപിജി) ഈ മാസം തായ്‌വാൻ മുൻ പ്രസിഡൻ്റായ സായ് ഇംഗ്-വെനുമായി പാർലമെൻ്റിൽ ചർച്ച നടത്തിയിരുന്നു.


ചൈനയെ പിണക്കാതിരിക്കാനായി തായ്‌വാൻ മുൻ പ്രസിഡന്റിന്റെ യുകെ സന്ദർശനം താമസിപ്പിക്കാൻ ബ്രിട്ടൻ ശ്രമിച്ചതായുള്ള വാർത്തകൾ വൻ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സർക്കാരുകളുടെ കീഴിൽ യുകെയും ചൈനയുമായുള്ള ബന്ധം വഷളായിരുന്നു. എന്നാൽ പുതിയ സർക്കാർ ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായുള്ള സൂചനകളാണ് പുറത്തു വന്നിരിക്കുന്നത്. ചൈനയുമായി നയതന്ത്ര ബന്ധം എല്ലാ മേഖലയിലും മെച്ചപ്പെടുത്താൻ മന്ത്രിമാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു.


വിദേശകാര്യ സെക്രട്ടറിക്ക് പുറമെ ചാൻസിലർ റേച്ചൽ റീവ്സ് അടുത്തവർഷം ചൈന സന്ദർശിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌വാനുമായി മറ്റ് രാജ്യങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനെ സംശയ ദൃഷ്ടിയോടെയാണ് ചൈന വീക്ഷിക്കുന്നത്. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.