ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അഹമ്മദാബാദിലാണ് അന്ത്യം. 2001ല്‍ പാര്‍ട്ടിയിലെ അധികാരമത്സരത്തില്‍ കേശുഭായ് പട്ടേലിനെ വീഴ്ത്തിയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഇടക്കാലത്ത് ബിജെപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്ന കേശുഭായ് പട്ടേല്‍ പിന്നീട് ബിജെപിയില്‍ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബറിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു.

രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കേശുഭായ് പട്ടേൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോദിയുമായുള്ള അഭിപ്രായ ഭിന്നത മൂലം 2012ൽ ബിജെപി വിട്ട് ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിശാവദർ മണ്ഡലത്തിൽ നിന്ന് ജയിച്ചെങ്കിലും അനാരോഗ്യത്തെ തുടർന്ന് 2014ൽ രാജി വച്ചു. 1977 മുതൽ 1980 വരെ ലോക് സഭാംഗമായിരുന്നു. ഗുജറാത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കാണ് കേശുഭായ് പട്ടേലിനുള്ളത്. 95ലേയും 98ലേയും നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ഗുജറാത്തിൽ വിജയത്തിലേയ്ക്ക് നയിച്ചത് കേശുഭായ് പട്ടേലാണ്. 1995ൽ കേശുഭായ് പട്ടേലിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത് ശങ്കർ സിംഗ് വഗേലയാണെങ്കിൽ 2001ൽ അത് നരേന്ദ്ര മോദിയായിരുന്നു.

1928ൽ ജുനഗഡിലെ വിശാവദറിൽ ജനിച്ച കേശുഭായ് പട്ടേൽ 1945ലാണ് ആർഎസ്എസ്സിൽ ചേർന്നത്. 1950കളുടെ ആദ്യം ജനസംഘ് രൂപം കൊണ്ടപ്പോൾ സജീവപ്രവർത്തകനായി. 1990ല്‍ ജനതാദള്‍ നേതാവ് ചിമന്‍ഭായ് പട്ടേലിന്‌റെ നേതൃത്വത്തിലുള്ള ജനതാദള്‍-ബിജെപി സര്‍ക്കാരില്‍ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയായി. 1995ലാണ് ആദ്യം മുഖ്യമന്ത്രിയായത്. 95 മാർച്ചിൽ മുഖ്യമന്ത്രിയായെങ്കിലും ആ വർഷം ഒക്ടോബറിൽ രാജി വയ്ക്കേണ്ടി വന്നു. പിന്നീട് 1998 മുതല്‍ 2001 വരെയും മുഖ്യമന്ത്രിയായി. 2001 ഒക്ടോബർ 6ന് കേശുഭായ് പട്ടേൽ രാജി വയ്ക്കുകയും ബിജെപി കേന്ദ്ര നേൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നരേന്ദ്ര മോദി മുഖ്യമന്ത്രിയാവുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2001 ജനുവരിയിലെ ഭൂകമ്പവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേശുഭായ് പട്ടേലിനെ താഴെയിറക്കാന്‍ എതിരാളികള്‍ ഉപയോഗിച്ചിരുന്നു. ബിജെപി ദേശീയ നേതൃത്വമാണ് കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോദിയെ കൊണ്ടുവന്നത്. 2002ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കേശുഭായ് പട്ടേൽ രാജ്യസഭയിലേയ്ക്ക് പോയി. 2002 മുതൽ 2008 വരെ രാജ്യസഭാംഗമായിരുന്നു.

2007ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച കേശുഭായ് പട്ടേല്‍, കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗത്വം പുതുക്കാതിരുന്ന കേശുഭായ് പട്ടേല്‍, 2012 ഓഗസ്റ്റ് 4ന് ബിജെപി വിടുകയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി (ജിപിപി) രൂപീകരിക്കുകയും ചെയ്തു. 2012ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലടക്കം രണ്ട് പേര്‍ മാത്രമാണ് ജിപിപിയില്‍ നിന്ന് ജയിച്ചത്. 2014 ജനുവരിയില്‍ ജിപിപി അധ്യക്ഷ സ്ഥാനവും ഫെബ്രുവരിയില്‍ എംഎല്‍എ സ്ഥാനവും കേശുഭായ് പട്ടേല്‍ രാജി വച്ചു. പിന്നീട് ജിപിപി, ബിജെപിയില്‍ ലയിക്കുകയും ചെയ്തു.