അഭയ കേസ് പ്രതികളെ ന്യായീകരിച്ച് മുൻ എസ്പി ജോർജ്ജ് ജോസഫ്. സിസ്റ്റർ അഭയയെ കാണാനില്ലെന്ന് മഠത്തിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂർ, ഫാ ജോസഫ് പൂതൃക്കയിൽ എന്നിവർ മഠത്തിലെത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ

ജോർജ്ജ് ജോസഫ് പറയുന്നു. പതിനൊന്ന് വർഷം വൈദിക പഠനം നടത്തിയ ഒരാൾക്ക് കൊലപാതകം നടത്താൻ സാധിക്കില്ലെന്നാണ് മുൻ എസ്പിയുടെ അവകാശവാദം.

“ക്രിസ്ത്യൻ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം പതിനൊന്ന് വർഷത്തെ ശിക്ഷണത്തിനു ശേഷമാണ് അവർ വൈദികരാകുന്നത്. എല്ലാ പള്ളികൾക്കു കീഴിലും ഒരു മഠം ഉണ്ടാകും. ഈ മഠങ്ങളിൽ നിന്നും ഒരു കന്യാസ്ത്രിയെ കാണാതായാൽ, അല്ലെങ്കിൽ അപകടം ഉണ്ടായാൽ അത് കാണുന്ന കന്യാസ്ത്രീ അവിടുത്തെ മദർ സുപ്പീരിയറെ വിവരം അറിയിക്കും. മദർ സുപ്പീരിയർ അവരുടെ സഭയുടെ മദർ ജനറാളിനെ അറിയിക്കുകയും അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. അതാണ് അവരുടെ ചിട്ട. തുടർന്ന് കന്യാസ്ത്രീമാർ അവരുടെ മഠം ഇരിക്കുന്ന സ്ഥലത്തെ വികാരിയച്ചനെ വിവരം അറിയിക്കും. ഈ കേസിൽ കോട്ടൂരച്ചനും പൂതൃക്കയച്ചനും സ്കൂട്ടറിൽ അവിടെ വന്നത് അങ്ങനെയാണ്.”

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“സാധാരണഗതിയിൽ ഇത്തരമൊരു കേസ് വന്നാൽ മഠത്തിൽ നിന്നും അടുത്തുള്ള പള്ളിയിലെ വൈദികരെ വിവരം അറിയിക്കും. വൈദികർ പള്ളിയിലെ കൈക്കാരന്മാരെ അറിയിക്കും അവരുമായി ആലോചിച്ചതിനു ശേഷം സഭയ്ക്ക് വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കും. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലൊരു ഉദ്യോഗസ്ഥനുണ്ട്. ഉദ്യോഗസ്ഥൻ എത്തിയതിനു ശേഷം എന്താണ് പ്രശ്നം എന്ന് പരിശോധിക്കും. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് അതിന്റെ ചിട്ട. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെടി മൈക്കിൾ അവിടെ ചെന്നത്. ആ മഠക്കാർക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം,” ജോർജ്ജ് ജോസഫ് പറയുന്നു.

താൻ പറയുന്നത് യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും ജോർജ്ജ് ജോസഫ് പറയുന്നു. സഭയെ ന്യായീകരിച്ചുകൊണ്ടുള്ള ജോർജ്ജ് ജോസഫിന്റെ വീഡിയോയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വാസികൾ പ്രതികരിച്ചിരിക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കുന്നതിനായുള്ള ശ്രമം മാത്രമാണിതെന്നാണ് ടിബിൻ ബേബി എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.