നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് 87-കാരനായ മുന്‍ പ്രധാനമന്ത്രി.
ഇന്നു വൈകിട്ടോടെയാണ് വീട്ടില്‍ വച്ച് ഡോ. മന്‍മോഹന്‍ സിംഗിന് നെഞ്ചു വേദനയുണ്ടായത്. 8.45-ഓടു കൂടി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോ. മന്‍മോഹന്‍ സിംഗിന് മുമ്പും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ല്‍ അദ്ദേഹം എയിംസില്‍ തന്നെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുണ്ട്.
2003-ല്‍ അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നിരുന്നു. 1990-ല്‍ ലണ്ടനില്‍ വച്ചും അദ്ദേഹത്തിന് ബൈപ്പാസ് സര്‍ജറി നടത്തിയിട്ടുണ്ട്.2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ആഗോള തലത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്.
1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തുറന്നു കൊടുത്ത ഉദാരവത്കരണ-ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ധനമന്ത്രി കൂടിയാണ് അദ്ദേഹം.ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
Leave a Reply