ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒമിക്രോൺ പ്രതിരോധത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി തെരേസ മേ. നിയന്ത്രണങ്ങൾ കാരണം സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാവുന്ന ഇടിവ് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മേ കൂട്ടിച്ചേർത്തു. “മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ അതിവേഗം പടരുന്നു. സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിർത്തുകയും ആരംഭിക്കുകയും ചെയ്യുന്നതിനുപകരം ആനുവൽ വാക്‌സിൻ പരിഹാരമാണ്.” മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. സർക്കാർ കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന ആരോപണവും തെരേസ മേ ഉന്നയിച്ചു.
അതേസമയം, ഇന്ന് ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും 90 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി ഉയർന്നു. എന്നാൽ യഥാർത്ഥ കേസുകളുടെ എണ്ണം 1,000-ത്തിൽ കൂടുതലായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ഒന്നിലധികം പ്രദേശങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു. യുകെയിൽ ഓരോ ദിവസവും ശരാശരി 46,000 കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നുണ്ട്.
പുതിയ യാത്രാ നിയന്ത്രണങ്ങൾ വ്യവസായിക മേഖലയ്ക്ക് കനത്ത പ്രഹരമാണെന്ന് മുൻ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രേലിംഗ് ആരോപിച്ചു. എന്നാൽ പുതിയ നിയന്ത്രണങ്ങൾ താൽക്കാലികമാണെന്നും ശാസ്ത്രജ്ഞരും സർക്കാരും കൂടിയാലോചിച്ച് ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളുമെന്നുമാണ് ആരോഗ്യ സെക്രട്ടറിയുടെ വാദം. സാമ്പത്തിക അരാജകത്വവും ഭയാനകമായ ആരോഗ്യ പ്രത്യാഘാതങ്ങളും ഒഴിവാക്കണമെങ്കിൽ, ഗവൺമെന്റ് ഏകോപിതമായി പ്രവർത്തിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Leave a Reply