ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികൾക്കെതിരായ 100 ലധികം ലൈംഗികാതിക്രമങ്ങൾക്ക് കുറ്റക്കാരനായി കണ്ടെത്തിയ മുൻ പോലീസ് ഓഫീസർ ലൂയിസ് എഡ്വേർഡിന് ജീവപര്യന്തം ശിക്ഷ. കുറഞ്ഞത് 12 വർഷമെങ്കിലുമുള്ള ജയിൽ ശിക്ഷയാണ് ലൂയിസിന് വിധിച്ചിരിക്കുന്നത്. കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷയുടെ മൂന്നിലൊന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. സൗത്ത് വെയിൽസ് പോലീസിൽ ഉദ്യോഗസ്ഥനായിരിക്കെയാണ്, 24 കാരനായ എഡ്വേർഡ് കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടത്. എന്നാൽ അറസ്റ്റിന് ശേഷം ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പിന്നീട് രാജിവെക്കുകയും ചെയ്തു.
10-നും 16-നും ഇടയിൽ പ്രായമുള്ള 200-ലധികം പെൺകുട്ടികളെ ഓൺലൈനിലൂടെ ചതി കുഴിയിൽ വീഴ്ത്തുവാൻ ഇയാൾ 14 വയസ്സുള്ള ആൺകുട്ടിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്നാപ് ചാറ്റ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇരകളായ പെൺകുട്ടികളോട് സ്‌കൂൾ യൂണിഫോമിൽ അപമര്യാദയായി ചിത്രങ്ങളെടുക്കാൻ ആവശ്യപ്പെടുകയും നിരവധി പെൺകുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു.
ബ്രിഡ്ജൻഡിൽ നിന്നുള്ള മുൻ ഉദ്യോഗസ്ഥനായ ഇയാളുടെ പേരിൽ നിലവിൽ 22 ബ്ലാക്ക് മെയിൽ, 138 ബാലലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ഉണ്ട്. ഈ ആഴ്ച തന്റെ ശിക്ഷ കേൾക്കാൻ കാർഡിഫ് ക്രൗൺ കോടതിയിൽ ഹാജരാകാൻ എഡ്വേർഡ് വിസമ്മതിച്ചു. ഓൺലൈനിൽ താൻ സമീപിച്ച പെൺകുട്ടികൾ അനുസരിക്കാതെ വരുമ്പോൾ പ്രതി അവരെ ഭീഷണിപ്പെടുത്തിയതായി കാർഡിഫിന്റെ റെക്കോർഡർ ജഡ്ജി ട്രേസി ലോയ്ഡ്-ക്ലാർക്ക് കോടതിയെ അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ഒരു പോലീസുകാരൻ എന്ന നിലയിൽ ലൂയിസ് എഡ്വേർഡിൻെറ പ്രവർത്തനം തീർത്തും വേദനാജനകം ആണെന്ന് നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂഎൽറ്റി റ്റു ചിൽഡ്രൻെറ വക്താവ് പറഞ്ഞു.
Leave a Reply