ന്യൂസ് ഡെസ്ക്, മലയാളം യുകെ

2000 ത്തിലാണ് യുകെയിലേയ്ക്ക് മലയാളി കൂടിയേറ്റം കൂടുതലായി ആരംഭിച്ചത്. യു കെ യിൽ എത്തിയ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരുന്നു. ഇന്നും കേരളത്തിൽ നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരുടെയും സ്വപ്നഭൂമിയാണ് യുകെ. എന്നാൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴും ബ്രിട്ടന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ ഇടപെട്ട് കഴിവ് തെളിയിച്ച ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ ശ്രദ്ധേയരാവുന്നത്. ഇത്തരം ഒരു അപൂർവ്വ വിജയത്തിൻറെ കഥയാണ് മലയാളം യുകെ ഇന്ന് വായനക്കാരുമായി പങ്കുവെയ്ക്കുന്നത്.

നേഴ്സായ മാർട്ടീന മാർട്ടിനാണ് യുകെയിൽ നടന്ന ഇൻറർ ഫാഷൻ ഷോയുടെ അവസാനഘട്ടത്തിൽ ഇടം പിടിച്ച് അപൂർവ്വ നേട്ടത്തിന് ഉടമയായത്. യുകെയിലെ പല കൗണ്ടികളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചാണ് ഫൈനൽ മത്സരത്തിൽ മത്സരാർത്ഥിയായി മാർട്ടീന എത്തിയത്.

 

എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയായ മാർട്ടീന പഠന കാലം മുതൽ ഫാഷൻ ഷോകളിൽ സജീവമായിരുന്നു. ഇതിന് മുൻപ് മിസ് ഫെയ്സ് ഓഫ് കേരള അവാർഡും മാർട്ടീന സ്വന്തമാക്കിയിട്ടുണ്ട്. ഇനിയും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാർട്ടീന. ഇനി നടക്കുന്ന മിസ് എർത്ത് ഇംഗ്ലണ്ട്, മിസ് സൂപ്പർ നേഷൻ 2025 തുടങ്ങിയ മത്സരങ്ങളിൽ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് മാർട്ടീന.