ദില്ലി : ഇത് ദീപ മനോജ്‌ എന്ന മലയാളിയുടെ കര്‍മ്മ വിജയം. ദില്ലി മലയാളിയായ ദീപ ഒരു വന്‍ ദൗത്യം പൂര്‍ത്തിയാക്കി. ദില്ലി ദില്‍ഷാദ് മെട്രോ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് വൈകിട്ട് 7.00 മണിക്ക് ദീപ അവളെ തിരിച്ചറിഞ്ഞു.. കിട്ടിയതും വാരി പുണര്‍ന്ന് മാറോട് ചേര്‍ത്തുവച്ചു. ഇനി അവള്‍ ഭിക്ഷയാചിക്കാന്‍ തെരുവില്‍ വരില്ല. അവള്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്‌കൂളിലേക്ക് പോകും. ബാംഗ്‌ളൂര്‍ സുഹൃത്ത് ആഷ്ണ , മധു പരമേശ്വരന്‍ , പ്രതാപന്‍ എന്നി സുഹൃത്തുക്കളും ഈ ഓപ്പറേഷനില്‍ ആദ്യവസാനം വരെ ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു രാത്രി 10 മണിക്ക് ദില്ലിയിലെ തെരുവില്‍ നിന്നും ദീപ ഇവളെ കാണുന്നത്. എല്ലാ ദിവസവും ദീപ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരു പയ്യന്‍റെ മടിയില്‍ ഇരുന്ന് ഈ കൊച്ചു സുന്ദരി ഉറങ്ങും. അവന്‍ അവളെ കാണിച്ച് ഭിക്ഷയാചിക്കും.. സംശയം തോന്നിയ ദീപ അവനെ ചോദ്യം ചെയ്ത് ആ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. വൈറലായ ആ വാര്‍ത്തയും വീഡിയോയും ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു.


അന്നു മുതല്‍ ദീപയും സുഹൃത്തുക്കളും ആ കൊച്ചു സുന്ദരിക്കായി അന്വേഷണത്തിലായിരുന്നു. ദില്ലിയിലെ പല കോളനികളും രാത്രി അവര്‍ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങള്‍ അവര്‍ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാര്‍ ചെല്ലാന്‍ സാധ്യതയുള്ള ഡോക്ടര്‍മാരുടെ അടുത്ത് ഫോട്ടോകള്‍ നല്കി. അങ്ങിനെ ഈ കുഞ്ഞ് ഉണ്ടെന്ന് വിവരം ലഭിച്ച് ഒരു കോളനി ഇന്നലെ രാത്രിയില്‍ ദീപയും സംഘവും പരിശോധിച്ചു.. അവളെ കിട്ടിയില്ല. ഇന്ന് രാത്രി 7 മണിക്കാണ് ദീപയ്ക്ക് ദില്ലിയിലെ ഭിക്ഷക്കാര്‍ ചികില്‍സക്ക് വരുന്ന ഒരു ഡോക്ടറുടെ കോള്‍ വരുന്നത്. ( ഡോക്ടറുടെ പേര്‍ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് ). ഉടന്‍ ദീപയും സംഘവും കാറില്‍ അവിടെ പാഞ്ഞെത്തി. ആ കുട്ടിയെ തിരിച്ചറിഞ്ഞു. അവള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നു.


അവളുടെ പേര്‍ സാജിയ

സാജിയ ആണവള്‍. അമ്മയും എല്ലാവരും അവള്‍ക്കുണ്ട്. രാത്രിയില്‍ അവളെ കുടുംബത്തിലെ ബന്ധു ഭിക്ഷ ഇരക്കാന്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോകും. അകന്ന ബന്ധുവാണെന്ന് അമ്മ പറഞ്ഞു. അമ്മയും ഇതിന് കൂട്ട്. ഇനി ആവര്‍ത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറഞ്ഞു. ദീപ ചോദിച്ചു.. നീ ഒരു അമ്മയാണോ ? . നിനക്ക് നാലര വയസുള്ള ഈ കുഞ്ഞിനെ ഒരു നിക്കര്‍ ഇടീപ്പിച്ച് വിടാന്‍ മേലായിരുന്നോ.. ഒരു വസ്ത്രം പോലും ഇല്ലാതെ നീ കൊടുത്തുവിടുന്നു. അപ്പോള്‍ തെറ്റു പറ്റി പോയെന്നും ഉപദ്രവിക്കരുതെന്നും അമ്മ. കുഞ്ഞിനെ രാത്രി 10 മണിക്കും കാണാതാകുമ്പോള്‍ നീ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അന്വേഷിക്കാറില്ലെന്നും അമ്മ പറഞ്ഞു. പിന്നെയും ദീപ ചോദിച്ചു.. നീ ഒരു സ്ത്രീയാണോ.. പ്രസവിച്ച അമ്മയാണോ?.. എന്നെ ഉപദ്രവിക്കരുത്.. ഇനി ചെയ്യില്ല എന്നു പറഞ്ഞ് പിന്നെയും അമ്മ കരഞ്ഞു.. അവളോട് ചോദിച്ചു.. കുഞ്ഞിനെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി. അങ്ങനെ ദീപയും സുഹൃത്തുക്കളും ആ ചുമതലയും ഏറ്റെടുത്തു. സാജിയ മോള്‍ ഇനി സ്കൂളില്‍ പോകും, പഠിച്ച് മിടുക്കിയാകും.

സാജിയ മോള്‍ ദീപയുടെ മടിയില്‍

ദീപയുടെ ഈ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. ദീപ ഈ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഇട്ടപ്പോള്‍ വിമര്‍ശകര്‍ വന്നു. നിങ്ങള്‍ പബ്ളിസിറ്റിക്കാണ്.. ഈ ചിത്രം ഇടുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ .. പോസ്റ്റിടുന്ന സമയത്ത് ഉടന്‍ പോയി ആ കുഞ്ഞിനെ രക്ഷിക്കൂ. നിങ്ങള്‍ ഇത് വയ്ച്ച് പബ്‌ളിസിറ്റി അടിക്കുന്നോ.. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍. എന്നാല്‍ അതല്ല സത്യം.. ആ പോസ്റ്റുകള്‍.. ചിത്രങ്ങള്‍ ആണ് ഇന്ന് ആ കുഞ്ഞിന്റെ ഭിക്ഷാടനം അല്ലാതാക്കിയത്. കണ്ടെത്താനായത്. മാത്രമല്ല പോസ്റ്റിടാന്‍ മാത്രമല്ല ദീപ ചിലവിട്ടത്. അന്നു മുതല്‍ ദീപയും സംഘവും അന്വേഷണം ആയിരുന്നു. ടീം വര്‍ക്കില്‍ ആയിരുന്നു. അതായിരുന്നു സത്യം.. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇവരെ നന്നായി വിമര്‍ശിക്കാന്‍ പലരും സമയം കണ്ടെത്തി.. ഒരു മലയാളി യുവതിയുടെ ഇടപെടലില്‍ ഞടുങ്ങിയത് ദില്ലിയിലെ ഭിക്ഷാടന മാഫിയയാണ്. നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇതോടെ ദില്ലിയിലെ തെരുവുകളില്‍ നിന്നും ഭിക്ഷയാചിക്കാന്‍ പിറ്റേന്ന് മുതല്‍ വരാതായത്. അത് വിജയമല്ലേ..നേട്ടമല്ലേ..? ദീപയ്ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

ദീപ ഷെയര്‍ ചെയ്ത വീഡിയോ താഴെ

വാര്‍ത്തയ്ക്ക് കടപ്പാട്: പ്രവാസിശബ്ദം