ന്യൂ സൗത്ത് വെയില്‍സില്‍ കാണാതായ മൂന്നു വയസുകാരനെ നാലു ദിവസത്തെ തെരച്ചിലിനൊടുവില്‍ സുരക്ഷിതനായി കണ്ടെത്തി. സിംഗിള്‍ട്ടണിലെ പുട്ടി ഗ്രാമീണ മേഖലയില്‍ വെള്ളിയാഴ്ച്ച രാവിലെ കാണാതായ ആന്റണി എജെ എല്‍ഫലാക്ക് എന്ന കുട്ടിയെയാണ് കുടുംബത്തിന്റെ അധീനതയിലുള്ള വസ്തുവിന് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് ആശ്വാസകരവും അത്ഭുതകരവുമായ കണ്ടെത്തലുണ്ടായത്.
സംസാരശേഷിയില്ലാത്ത ഓട്ടിസമുള്ള കുട്ടിയെ ഇന്നു രാവിലെ പതിനൊന്നരയോടെയാണ് പോലീസ് നദീതീരത്തിനു സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് 650 ഏക്കര്‍ വിസ്തൃതിയുള്ള വസ്തുവിന് സമീപം കുട്ടിയെ കണ്ടെത്തിയത്. ഒരു കുളത്തിനു സമീപം മുട്ടുകുത്തിനിന്ന് വെള്ളം കുടിക്കുന്നതാണ് ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്കലുകള്‍ സമീപമെത്തി ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. പുതപ്പില്‍ പൊതിഞ്ഞ കുട്ടിയെ പാരാമെഡിക്കുകള്‍ കുറ്റിക്കാടുകള്‍ക്കിടയിലൂടെ പുറത്തെത്തിച്ച് ആംബുലന്‍സിലേക്കു മാറ്റി.
കാലില്‍ മുറിവേറ്റതിനാലും മലിനമായ വെള്ളം കുടിച്ചതു കൊണ്ടും മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുളത്തിലെ വെള്ളം കുടിച്ചാണ് കുട്ടി നാലു ദിവസത്തോളം ജീവന്‍ നിലനിര്‍ത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇത് വലിയ അത്ഭുതമാണെന്ന് പിതാവ് എല്‍ഫലാക്ക് മാധ്യമങ്ങളോടു പറഞ്ഞു. അവനെ ഉറുമ്പുകള്‍ കടിച്ചിട്ടുണ്ട്. അവന്‍ വീണിട്ടുണ്ട്. നാലു ദിവസത്തോളം അതേ ഡയപ്പര്‍ ധരിച്ച് തൊലി പൊട്ടിയിട്ടുണ്ട്. അതിനെല്ലാം ഉപരി അവന്‍ ജീവനോടെയുണ്ടെന്നത് ഞങ്ങള്‍ക്കു നല്‍കിയ ആശ്വാസം വാക്കുകളില്‍ വിവരിക്കാനാവില്ല. നാലു ദിവസമായി ഞങ്ങള്‍ ഉറക്കമില്ലാതെ കുറ്റിക്കാട്ടില്‍ അവനെ തേടി അലയുകയായിരുന്നു. അത്രയും അപകടകരമായ ഒരു സാഹചര്യത്തില്‍ അകപ്പെട്ടിട്ടും അവന്‍ ആരോഗ്യത്തോടെയിരിക്കുന്നു-നിറഞ്ഞ കണ്ണുകളോടെ എല്‍ഫലാക്ക് പറഞ്ഞു.
അവന്‍ അമ്മയുടെ അരികില്‍നിന്നു മാറാതെ നില്‍ക്കുകയാണ്. അമ്മയുടെ പേര് കേട്ടയുടനെ കണ്ണുതുറന്ന് അമ്മയെ നോക്കി. പിന്നീട് ഉറങ്ങി. മുന്‍പ് തിരച്ചില്‍ നടത്തിയ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടിയെ എങ്ങനെ വീട്ടില്‍നിന്നു കാണാതായതെന്നു പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
കുട്ടിയ ജീവനോടെ കണ്ടെത്തിയത് വലിയ ആശ്വാസമാണെന്ന് ഹണ്ടര്‍വാലി പോലീസ് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്രണ്ട് ട്രേസി ചാപ്മാന്‍ പറഞ്ഞു.കുട്ടിയെ കണ്ടെത്തിയതോടെ വളരെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചത്. വാര്‍ത്ത അറിഞ്ഞയുടന്‍ വീടിനു പുറത്ത് കുടുംബാംഗങ്ങള്‍ പരസ്പരം ആലിംഗനം ചെയ്യുകയും നൃത്തം ചവിട്ടുകയും ചെയ്തു.
കുഞ്ഞു സര്‍വൈവര്‍ എന്നാണ് പാരാമെഡിക് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം അംഗം ജെറി പൈക്ക് വിശേഷിപ്പിച്ചത്.ഹെലികോപ്റ്റര്‍, പോലീസ് ബൈക്കുകള്‍, ഡോഗ് യൂണിറ്റ്, മുങ്ങല്‍ വിദഗ്ധര്‍, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ്, റൂറല്‍ ഫയര്‍ സര്‍വീസ് എന്നിവ ഏകോപിച്ചുകൊണ്ടുള്ള തെരച്ചിലാണ് നടത്തുന്നത്.കാല്‍നടയായും ബൈക്കുകളിലും കുതിരപ്പുറത്തും കാറുകളിലുമായി 150 ലധികം പേരടങ്ങുന്ന സംഘമാണ് കുറ്റിക്കാടുകളിലും മറ്റുമായി നാലു ദിവസം തെരച്ചില്‍ നടത്തിയത്.
Leave a Reply