ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്സിൻ രണ്ട് ഡോസും പൂർത്തിയാക്കിയ ശേഷവും ജനങ്ങളിൽ കോവിഡ് ബാധ ഉണ്ടാകാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരത്തിലുണ്ടാകുന്ന കോവിഡ് ബാധയെ ‘ബ്രേക്ക്‌ത്രു ‘ ഇൻഫെക്ഷൻ ആയാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. തലവേദന, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, മണം തിരിച്ചറിയാനാവാത്ത അവസ്ഥ തുടങ്ങിയവയാണ് ബ്രേക്ക്ത്രൂ ഇൻഫെക്ഷന്റെ ലക്ഷണങ്ങളായി പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത് . എന്നാൽ ഈ ലക്ഷണങ്ങൾ പലപ്പോഴും വാക്സിൻ എടുക്കാത്തവരിലും സ്ഥിരമായി കണ്ടു വരുന്നവയാണ്. എന്നാൽ വാക്സിൻ എടുക്കാത്തവരിൽ ഉള്ള പ്രധാന ലക്ഷണങ്ങളായ പനിയും, നീണ്ടുനിൽക്കുന്ന കടുത്ത ചുമയും വാക്സിൻ എടുത്തവരിൽ ഉണ്ടാകാറില്ല എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ 58% പേരിലും കോവിഡ് ബാധിച്ചപ്പോൾ പനി ഉണ്ടായില്ല എന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആശുപത്രിയിൽ ആകാനുള്ള സാധ്യതയും വളരെ കുറവാണ്. ഇതിനു കാരണം വാക്സിൻ മൂലം ശരീരത്തിനകത്ത് പ്രവേശിക്കുന്ന വൈറസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഇൻഫെക്ഷൻ കുറഞ്ഞ രീതിയിൽ ഉണ്ടാകുവാൻ കാരണമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെയിൽ നടന്ന ഗവേഷണങ്ങളിൽ, രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ 0.2 % അഥവാ 500 പേരിൽ ഒരാൾക്ക് ബ്രേക്ക്ത്രു ഇൻഫെക്ഷൻ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബ്രേക്ക്ത്രു ഇൻഫെക്ഷൻ ഉണ്ടാകുന്നതിന് വിവിധ കാരണങ്ങൾ ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. എടുക്കുന്ന വാക്സിന്റെ ഫലപ്രാപ്തി അനുസരിച്ചും, ഓരോരുത്തരുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി അനുസരിച്ചുമെല്ലാം വ്യത്യാസങ്ങൾ ഉണ്ടാകാം. നിലവിലെ പഠനങ്ങൾ പ്രകാരം മോഡേണ വാക്സിന് 94 ശതമാനവും, ഫൈസറിനു 95 ശതമാനവും ഫലപ്രാപ്തി ഉണ്ട്. എന്നാൽ ജോൺസൻ & ജോൺസൺ, ആസ്ട്രാസെനെക്ക എന്നീ വാക്സിനുകൾക്ക് അറുപത്തിയാറും, എഴുപതും ശതമാനങ്ങൾ വീതം മാത്രമാണ് ഫലപ്രാപ്തി തെളിയിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്ത് ആറുമാസത്തിനുശേഷം വാക്‌സിന്റെ ഫലപ്രാപ്തി കുറയാൻ ഇടയുണ്ടെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്.


ഇതോടൊപ്പംതന്നെ കോവിഡ് വൈറസിനെ വിവിധ വേരിയന്റുകൾ ഉണ്ടാകുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കുന്നതായി ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ ഓരോരുത്തരുടെ രോഗപ്രതിരോധശേഷിയും വാക്സിന്റെ ഗുണമേന്മയെ നിശ്ചയിക്കുന്നുണ്ട്. പ്രായമായവരിലും, മറ്റ് അസുഖങ്ങൾ ഉള്ളവരിലും വാക്സിൻ നൽകുന്ന സുരക്ഷ കുറവാണെന്ന് കണ്ടെത്തുന്നുണ്ട്. ഇത്തരം നിരവധി പഠനങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും, പൊതുവേ വാക്സിൻ രോഗതീവ്രത കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ബൂസ്റ്റർ ഡോസുകളും നൽകുവാൻ ആരംഭിച്ചിട്ടുണ്ട്. യുകെ ഗവൺമെന്റും ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനുള്ള തീരുമാനത്തിലാണ്. ജനങ്ങൾ എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്ന നിർദ്ദേശമാണ് എല്ലാവരും ഒരുപോലെ നൽകുന്നത്.