ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഉടനീളം 275 ലധികം കെയർ ഹോമുകൾ നടത്തുന്ന എച്ച്സി -1 പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുറഞ്ഞ ശമ്പളം മൂലം 40 ശതമാനം ജീവനക്കാരും ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂണിയൻ മേധാവികൾ പറഞ്ഞു. പലരും മണിക്കൂറിന് ഏറ്റവും കുറഞ്ഞ വേതനമായ 10.47 പൗണ്ടിനാണ് ജോലി ചെയ്യുന്നത്.
എച്ച് സി- വൺ രാജ്യത്തെ ഏറ്റവും വലിയ കെയർ പ്രൊവൈഡേഴ്സ് ആണ് . 10 തൊഴിലാളികളിൽ 4 പേരും മോശം ശമ്പളം കാരണമാണ് ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നത്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ എച്ച് സി- വണ്ണിലെ ജീവനക്കാരുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയാണ് തൊഴിലാളികളുടെ അതൃപ്തി പുറത്തുകൊണ്ടുവന്നത്. പല ജീവനക്കാരും തങ്ങളുടെ കഥന കഥ യൂണിയനുമായി പങ്കുവച്ചത് അവർ പുറത്തുവിട്ടു.. ഇതനുസരിച്ച് തൊഴിലാളികളിൽ പലരും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ജീവിക്കുന്നത്.
എച്ച് സി വണ്ണിലെ ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് നൽകുന്നത് എന്ന വാർത്ത ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ടോറി എംപി ടോം തുഗെൻദാന്റെ സഹോദരൻ ജെയിംസ് തുഗെൻദാറ്റ് ആണ് എച്ച് സി -വണിന്റെ സി ഇ ഒ .എച്ച് സി- വണ്ണിന്റെ നേതൃത്വത്തിലുള്ളവർ വൻ ശമ്പളം പറ്റുമ്പോഴാണ് തൊഴിലാളികൾ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുന്നത് എന്ന വിമർശനം പുറത്തുവന്നു കഴിഞ്ഞു. കഴിഞ്ഞവർഷം കമ്പനിയുടെ വിറ്റുവരവ് 382.4 മില്യൺ പൗണ്ട് ആണ് . മണിക്കൂറിൽ കുറഞ്ഞത് 12 പൗണ്ട് എങ്കിലും ജീവനക്കാർക്ക് വേതനം നൽകണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്
Leave a Reply