കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി യുവതി പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് ഓര്‍ത്തഡോക്‌സ് വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ ആണ് വ്യാഴാഴ്ച 11 മണിയോടെ അറസ്റ്റിലായത്. കീഴടങ്ങാനെത്തിയ വൈദികനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിലേക്ക് എത്തവേയാണ് പിടികൂടിയത്. ഫാ.ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തള്ളിയ ഹൈക്കോടതി ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചത് ഫാ.ജോബ് മാത്യുവാണ്. യുവതിയുടെ ഇടവകാംഗം കൂടിയാണ്. 2012 വരെ ഈ പീഡനം തുടര്‍ന്നുവെന്നാണ് യുവതി പറയുന്നത്.
യുവതിയെ പതിനാറാം വയസ്സില്‍ പീഡിപ്പിച്ച ഫാ. ഏബ്രഹാം വര്‍ഗീസ്, മൂന്നാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന ഇരുവരും വൈകാതെ കീഴടങ്ങുമെന്നാണ് സൂചന. മൂന്നു പേര്‍ക്കുമെതിരെ ബലാത്സംഗകുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാലാം പ്രതി ഫാ. ജോണ്‍സണ്‍ വി.മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ കൊല്ലം ജില്ലയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് തിരുവല്ലയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള ക്രൈംബ്രാഞ്ച് സംഘം രാവിലെ കൊല്ലത്തേക്ക് തിരിച്ചിരുന്നു.
അതിനിടെ, നിയമത്തിനു മുന്നില്‍ കീഴടങ്ങാന്‍ വൈദികര്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കീഴടങ്ങുമ്പോള്‍ സഭാ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും സാധാരണ വേഷത്തിലായിരിക്കണമെന്നും ഇവരോട് ആവശ്യപ്പെട്ടിരുന്നു. സഭാ വസ്ത്രം ധരിച്ച് അറസ്റ്റിലായാല്‍ സഭയ്ക്കുണ്ടാകുന്ന നാണക്കേട് ഒഴിവാക്കുന്നതിനാണ് ഈ നിര്‍ദേശം നല്‍കിയത്.
Leave a Reply