ഫ്‌ലോറിഡ:അമേരിക്കയിലെ ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് മലയാളി വൈദീകനായ ജോസ് പാലിമറ്റത്തിനെ ലൈംഗീക ആരോപണ കേസില്‍ കുടുക്കിയത് ഒരു ഐറിഷ് വൈദീകന്റെ തെറ്റിദ്ധാരണയുടെ ഭാഗമെന്ന് രൂപതാ അധികൃതര്‍. ഇതേ തുടര്‍ന്ന് ഐറിഷ് വൈദീകനായ ഫാ. ഗാലഗറെ സഭയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി.
ഫാ.ഗാലഗറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തികൊണ്ടുള്ള ഇടയ ലേഖനം കഴിഞ്ഞ ദിവസം രൂപതയിലെ പള്ളികളില്‍ വായിച്ചു. ഫാ.ഗാലഗര്‍ സംഭവങ്ങളെ തിരക്ക് കൂട്ടി വളച്ചൊടിച്ചു. ഫാ.ജോണിന് എതിരെയുള്ള പരാതികള്‍ യഥാക്രമം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട് ഐറിഷ് വൈദീകന്‍ രൂപതയേയും, തന്നെയും അപകീര്‍ത്തിപ്പെടുത്താനും , സഹപ്രവര്‍ത്തകരായ വൈദീകരോട് ശത്രുതാ പൂര്‍വ്വം പെരുമാറാനും തുനിഞ്ഞിറങ്ങുകയുണ്ടായെന്ന് അസാധാരണമായ തന്റെ ഇടയലേഖനത്തില്‍ ബിഷപ് ബാര്‍ബറീത്തോ വിശ്വാസികളോട് വെളിപ്പെടുത്തി.
രൂപതയില്‍ ജോലി ചെയ്തിരുന്ന ഒരു ക്യൂബന്‍ വൈദീകനെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ഇതേ ഐറിഷ് വൈദീകന്‍ ഉന്നയിച്ചിരുന്നു. മോഷണകുറ്റമാണ് അദ്ദേഹത്തിന് നേരെ ആരോപിച്ചത്. ഇടവകാംഗങ്ങളായ നിരവധി പേര്‍ ഐറിഷ് വൈദീകന്റെ ദുര്‍നടത്തയ്‌ക്കെതിരെയും പിടി വാശികള്‍ക്കെതിരെയും രൂപതയ്ക്ക് പരാതി നല്കിയിരുന്നു ഇതെല്ലാം പരിഗണിച്ചാണ് ഐറിഷ് വൈദീകനെ ചുമതലയില്‍ നിന്നും നീക്കിയത്.എന്നാല്‍ അദ്ദേഹത്തെ രൂപതയില്‍ തുടരാന്‍ അനുവദിച്ചേക്കും.
ഇതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുകയും മൊബൈലില്‍ സൂക്ഷിക്കുകയും അത് പതിനാലുകാരനെ കാണിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് വെസ്റ്റ് പാം ബീച്ചിലെ കാത്തലിക് ചര്‍ച്ചിലെ വൈദികനായിരുന്ന അങ്കമാലി സ്വദേശിഫാ. ജോസ് പാലിമറ്റം (48 ) കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ കേസ് വീണ്ടും വിവാദമായിരിക്കുകയാണ്.
മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ വൈദികന്‍ 14 വയസ്സുള്ള കുട്ടിയുടെ സഹായം തേടിയിരുന്നു. അന്ന് രാത്രി ഫാ.ജോസ് ‘ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീം’എന്നൊരു മെസേജു കൂടി കുട്ടിയ്ക്ക് വിട്ടതോടെ ഇക്കാര്യം അവന്‍ കൂട്ടുകാരോട് പറഞ്ഞു. ഇവര്‍ ചര്‍ച്ചിലെ ക്വയര്‍ മാസ്റ്ററെ ഫോണില്‍ വിവരം വിളിച്ചുപറയുകയായിരുന്നു. ഇയാളാണ് ഫാ.ഗാലഗറിനെ വിവരം അറിയിച്ചത്. എന്നാല്‍ ഫാ. ഗലഗര്‍ ഇക്കാര്യം സഭാധികാരികളുമായി ആലോചിക്കാതെ ഫാ. ജോസിനെ കുടുക്കാനായി ഉപയോഗിക്കുകയും പോലീസിനെ വിവരമറിയിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിക്കുകയും ആയിരുന്നു എന്ന്‍ സഭാധികാരികള്‍ പറയുന്നു.
ഫാ. ജോസിന് ആരോ സമ്മാനമായി നല്‍കിയ ഫോണില്‍ ഉണ്ടായിരുന്ന ചില അശ്ലീല ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്ത് കളയാനായിരുന്നു ഫാ. ജോസ് കുട്ടിയുടെ സഹായം തേടിയത് എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന ഇടവകാംഗങ്ങള്‍ പറയുന്നു. അമേരിക്കയില്‍ എത്തിയിട്ട് അധിക കാലം ആയിട്ടില്ലാത്ത ഫാ. ജോസിന് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള പരിചയക്കുറവ് കൊണ്ടാണ് ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്യാന്‍ കുട്ടിയുടെ സഹായം തേടാന്‍ കാരണം എന്നും ഇവര്‍ പറയുന്നു. എന്തായാലും പരാതി പോലീസില്‍ അറിയിച്ച വൈദികനെ ചുമതലകളില്‍ നിന്നും മാറ്റിയതില്‍ നിന്നും സഭാധികാരികളും ഈ വാദഗതിയെ അനുകൂലിക്കുന്നു എന്ന് കാണാം.