അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ജൂലൈ പതിനൊന്നാം തിയതി മുതല്‍ നടക്കുന്ന ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനും, പ്രബന്ധം അവതരിപ്പിക്കുന്നതിനുമായി ഫാ.ജോസഫ് പാലക്കല്‍ ഇംഗ്ലണ്ടിലെത്തുന്നു. മാര്‍ത്തോമ്മാ നസ്രാണികളുടെ പരമ്പരാഗതമായ ആരാധനാ ഭാഷയായ അരമായ സുറിയാനിയുടെ പ്രാധാന്യവും പ്രത്യേകതകളും ലോകത്തിനു മുന്‍പില്‍ പ്രഘോഷിക്കുന്നതില്‍ ഏറെ ശ്രദ്ധേയനാണ് ഫാദര്‍ പാലക്കല്‍.
ഭാരതത്തിലെ മാര്‍ത്തോമാ നസ്രാണികളുടെ അരമായ സുറിയാനി ഉച്ചാരണം മിശിഹായുടെ കാലത്തെയും അതിനു മുമ്പുള്ള കാലത്തേയും അരമായ ഭാഷയുടെ ഉച്ചാരണത്തിനു സദൃശ്യമാണ് എന്നത് മാര്‍ത്തോമാ നസ്‌റാണികളുടെ പൗരാണികതയുടെയും നസ്രായ തനിമയുടെയും ശക്തമായ തെളിവാണ്. ആരാധനക്രമം മലയാളത്തിലാക്കിയപ്പോള്‍ ഫാദര്‍ ആബേലിന്റെ ശുഷ്‌കാന്തിയില്‍ പഴയ സുറിയാനി ഗീതങ്ങള്‍ അതിന്റെ തനിമയിലും ട്യൂണിലും നടപ്പാക്കിയെങ്കിലും കാലക്രമേണ വിവിധ കാരണങ്ങളാല്‍ പടിപടിയായി സുറിയാനി പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചു പോവുകയായിരുന്നു.
സീറോ മലബാര്‍ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കണം എന്നുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആഹ്വാനം ആഗോള തലത്തില്‍ സഭയുടെ ആരാധനാ സാംസ്‌കാരിക സമ്പന്നതയെ പ്രശംസിക്കുന്നതും, പ്രഘോഷിക്കുന്നതുമാണ്. വിവിധ ആരാധനാ-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ആഗോള കത്തോലിക്ക സഭയുടെ സമ്പന്നമായ കത്തോലിക്കാ മുഖമാണ് ഇത് വെളിപ്പെടുത്തുന്നത്. സുറിയാനി ആരാധനാ സാംസ്‌കാരിക പാരമ്പര്യത്തില്‍നിന്നുള്ള വ്യതിചലനങ്ങളെ വിവിധ മാര്‍പാപ്പാമാര്‍ അതാതുകാലങ്ങളില്‍ ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരുണത്തില്‍ പാലക്കലച്ചന്റെ സേവനങ്ങളും ശ്രമങ്ങളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
നാം കാലാകാലങ്ങളായി കൈവിട്ടു കളഞ്ഞ നസ്രാണി വ്യക്തിത്വവും സുറിയാനി പാരമ്പര്യങ്ങളും വീണ്ടെടുക്കണമെന്നുള്ള നിരവധി മാര്‍പാപ്പാമാരുടെ ആഹ്വാനങ്ങളെ ഊട്ടി ഉറപ്പിച്ചുകൊണ്ടു ജോസഫ് പാലക്കല്‍ അച്ചന്‍ അന്യം നിന്നുപോയ പഴയ സുറിയാനി ഗീതങ്ങളും ട്യൂണുകളും പ്രചരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശുഭോദര്‍ക്കമാണ്. അതിനര്‍ഹമായ പിന്തുണയും, പ്രോത്സാഹനവും സഭയും, സഭാമക്കളും നല്‍കേണ്ടത് അനിവാര്യമാണ്.
അനായാസം ഏവര്‍ക്കും പാടുവാന്‍ സാധിക്കുന്ന ഗീതങ്ങള്‍ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുത്തി ജോസഫ് അച്ചന്‍ നയിക്കുന്ന ഈ സഭാ നവീകരണ ശുശ്രൂഷ മാര്‍ത്തോമാ നസ്രാണി കത്തോലിക്കരായ സിറോ മലബാര്‍ സഭയുടെ വ്യക്തിത്വത്തെ വീണ്ടെടുക്കും എന്ന് തീര്‍ച്ച.
ബ്രിട്ടണിലെ സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ ആഭ്യമുഖ്യത്തില്‍ ഒരു അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലോസ്റ്ററില്‍ ഈ മാസം പതിനാലാം തീയതി ഉച്ചകഴിഞ്ഞു ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ബ്രിട്ടനിലെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ പാലക്കല്‍ അച്ചനോടൊപ്പം സുറിയാനി ഭാഷയുടെ ജന്മ സ്ഥലവും, പിതാവായ അബ്രാഹത്തിന്റെ നാടുമായ ഇറാക്കില്‍ നിന്നും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു. കൂടാതെ ഇറ്റലിയില്‍ നിന്നും സ്വിറ്റസര്‍ലണ്ടില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കുചേരും.
സുറിയാനി ഭാഷയോടുള്ള മമതയും,താല്‍പ്പര്യവും ഏവരിലും എത്തിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി സമ്മേളനത്തോടൊപ്പം ഒരു സുറിയാനി ഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ദൈവ ശാസ്ത്രജ്ഞനും ഗാനരചയിതാവുമായിരുന്ന കടവില്‍ ചാണ്ടി കത്തനാരുടെ നാമത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കു ചേരുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ സംഘാടകരുമായി ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണ്.
സിറോ മലബാര്‍ സഭയുടെ ആരാധന-സാംസ്‌കാരിക പാരമ്പര്യത്തിന്റെ സമ്പന്നതയെ മനസിലാക്കുവാന്‍ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാനായി ഈ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കുചേരുവാന്‍ ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാര്‍ സഭയുടെ സഭാ പഠന വിഭാഗത്തിന്റെ ഡയറക്ടറായ ഫാദര്‍ ജോയി വയലില്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു .
സമ്മേളനം നടക്കുന്ന സ്ഥലം: ഗ്ലോസ്റ്ററിലെ മാറ്റസണ്‍ അവന്യൂ മാറ്റസണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഹാള്‍ ( ജിഎല്‍4 6എല്‍എ).
Leave a Reply