ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളിയായ ഫാ. സാജു മുതലാളി നിയമിതനായെന്ന വാർത്ത ബ്രിട്ടനിലെ മലയാളി സമൂഹത്തിന് സന്തോഷം പകരുന്നു. ലെസ്റ്ററിലെ ലഫ്ബറോ രൂപതയുടെ ബിഷപ്പായാണ് ഫാ. സാജു നിയമിതനായത്. ഉത്തരവിൽ എലിസബത്ത് രാജ്ഞി ഒപ്പുവച്ചു. നവംബർ 12 വെള്ളിയാഴ്ച രാവിലെയാണ് ഡൗണിങ് സ്ട്രീറ്റ് പ്രഖ്യാപനം നടത്തിയത്. ദീർഘമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് വൈദികനിൽ നിന്നും ബിഷപ്പ് എന്ന ശ്രേഷ്ഠ പദവിയിലേയ്ക്ക് സാജു എത്തിയത്. ലെസ്റ്ററിനു സ്വന്തമായി ബിഷപ്പ് ഉണ്ടെങ്കിലും ലെസ്റ്റര്‍ഷെയറിലെ മേല്‍നോട്ട ചുമതല ലഫ്ബറോ ബിഷപ്പിന്റേതാണ്. മുന്നൂറിലേറെ പള്ളികള്‍, നൂറിലേറെ സ്‌കൂളുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതല ഏറ്റെടുക്കാൻ ഫാ. സാജു തയ്യാറായിക്കഴിഞ്ഞു. സ്ഥാനാരോഹണത്തിന്റെ ആദ്യ ചടങ്ങുകൾ ജനുവരിയിൽ ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് മാർച്ചിലോ ഏപ്രിലിലോ ആകും ലഫ്ബറോയിലെത്തി ഔദ്യോഗിക സ്ഥാനാരോഹണത്തിന് ശേഷം ചുമതല ഏറ്റെടുക്കുക.

ബാംഗ്ലൂരിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സാജു സതേൺ ഏഷ്യാ ബൈബിൾ കോളജിൽ നിന്നാണ് ഉപരിപഠനത്തിനായി ബ്രിട്ടനിലെത്തിയത്. ദൈവശാസ്ത്രത്തില്‍ ഓക്‌സ്‌ഫോര്‍ഡ് വൊള്‍സി ഹാള്‍ കോളേജില്‍ പഠനത്തിനു ശേഷം 2009ൽ പുരോഹിതനായി. ഡീക്കനായി 12 വര്‍ഷവും വൈദികനായി 11 വര്‍ഷവും ഉള്ള പരിചയമാണ് 42കാരനായ ഫാ . സാജുവിന്റെ യഥാർത്ഥ ശക്തി. കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട മൺറോതുരുത്ത് മാട്ടയിൽ വീട്ടിൽ എം.ഐ. ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ഫാ. സാജു. ബാംഗ്ലൂരിൽ അഭിഭാഷകനായ സിജി മാട്ടയിൽ, ജിജി ജോസഫ് എന്നിവർ സഹോദരങ്ങളാണ്. ഹണ്ടിങ്ങ്ടൺ സ്വദേശിയായ കെയ്റ്റിയാണ് ജീവിത പങ്കാളി. ഇംഗ്ലണ്ടിലെത്തുമ്പോൾ ഗാന്ധിജിയുടെ ബോഡി ഗാർഡിൽ അംഗമായിരുന്ന ട്രവർ റോബിൻസന്റെ മകളാണ് കെയ്റ്റി. കേരളത്തിൽ വച്ചായിരുന്നു ഫാ. സാജുവിന്റെയും കെയ്റ്റിയുടെയും വിവാഹം. സെപ് (12), സിപ് (10), എബ്രഹാം (9), ജൊഹാന (8) എന്നിവരാണ് മക്കൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേഴ്സായിരുന്ന അമ്മയാണ് ഫാ. സാജുവിന്റെ ആത്മീയ വഴികാട്ടി. കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവർത്തിച്ച അമ്മയിൽ നിന്നാണ് മറ്റുള്ളവരെ കരുതാനും നിസ്വാർത്ഥമായി സ്നേഹിക്കാനും പഠിച്ചത്. പുതിയ നിയമനം വലിയ ഉത്തരവാദിത്വബോധമാണ് നൽകുന്നതെന്നും എല്ലാവരെയും പള്ളിയിലേയ്ക്ക് അടുപ്പിക്കാൻ ശ്രമിക്കുമെന്നും ഫാ. സാജു പ്രതികരിച്ചു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഫാ. സാജു മുതലാളി. റോച്ചസ്റ്റർ രൂപതയുടെ കീഴിലുള്ള ജില്ലിംങ്ങാം സെന്റ് മാർക്ക്സ് പള്ളി വികാരിയായിരുന്നു കഴിഞ്ഞ ഏഴു വർഷങ്ങളായി ഫാ. സാജു മുതലാളി.