ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഫ്രാൻസ് : കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവ് തടയാൻ ഫ്രാൻസും ജർമ്മനിയും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചു. രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാൾ മാരകമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നാലു ലക്ഷത്തോളം ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നാളെ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ ഡിസംബർ 1 വരെ നീണ്ടുനിൽക്കും. റെസ്റ്റോറന്റുകളും ബാറുകളും അടയ്ക്കും, അനാവശ്യ യാത്രാ നിരോധനം, സർവകലാശാലകൾ ഓൺലൈൻ അധ്യാപനത്തിലേക്ക് നീങ്ങും തുടങ്ങിയവയാണ് രണ്ടാം ലോക്ക്ഡൗണിൽ കൈക്കൊള്ളുന്ന പ്രധാന നടപടികൾ. എന്നാൽ ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ല ഈ ലോക്ക്ഡൗൺ. എല്ലാ പൊതുസേവനങ്ങളും അത്യാവശ്യ തൊഴിലിടങ്ങളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കും. ദിവസത്തിൽ ഒരു മണിക്കൂർ വ്യായാമം ചെയ്യാനായി പൊതുജനങ്ങൾക്ക് പുറത്തിറങ്ങാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ എന്തിന് വേണ്ടിയാണ് യാത്ര ചെയ്യുന്നതെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്. ആളുകളെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ വരെ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിവേഗം രോഗം പടർന്നുപിടിക്കുന്നുണ്ടെന്നും എല്ലാ പ്രദേശങ്ങളും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫ്രാൻസിൽ ഇപ്പോൾ ഒരു ദിവസം മുപ്പത്തിനായിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ തീവ്രപരിചരണ വിഭാഗങ്ങളിൽ പകുതിയിലധികവും കോവിഡ് – 19 രോഗികളാൽ നിറഞ്ഞിരിക്കുന്നു. ജർമനിയിൽ നവംബർ 2 മുതലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. നവംബർ 2 മുതൽ നാല് ആഴ്ചത്തേക്ക് രാജ്യം ലോക്ക്ഡൗണിൽ പ്രവേശിക്കുമെന്ന് ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ അറിയിച്ചു. ബാറുകളും പബ്ബുകളും അടയ്ക്കും, ജിമ്മുകളും തിയേറ്ററുകളും അടച്ചുപൂട്ടും, വീടിനുള്ളിലുള്ള കൂടിക്കാഴ്ച നിരോധിക്കും തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങൾ.
കടകൾ തുറന്നിരിക്കുമെങ്കിലും 10 ചതുരശ്ര മീറ്ററിൽ പരമാവധി ഒരാൾക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. സ്കൂളുകൾ, നഴ്സറികൾ, ഡേ കെയർ സെന്ററുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കുമെന്ന് മെർക്കൽ പറഞ്ഞു. കേസുകളും മരണങ്ങളും ദിനംപ്രതി വർധിച്ചുവരുന്നതിനാൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം അമിതമാകാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. തീവ്രപരിചരണ കിടക്കകളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ ഇരട്ടിയായതായി ചാൻസലർ കൂട്ടിച്ചേർത്തു. രാജ്യത്തെ 16 സംസ്ഥാന ഗവർണർമാർ വീഡിയോ കോൾ വഴി ലോക്ക്ഡൗൺ നടപ്പിലാക്കാൻ സമ്മതിച്ചിട്ടുണ്ട്. രോഗവ്യാപനം കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ദിവസത്തിനുള്ളിൽ യൂറോപ്പിൽ 35 ശതമാനം വർധനവുണ്ടായതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
Leave a Reply